ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പ് ഫയൽ അദാലത്ത് നടത്തും – മന്ത്രി വി.എസ്.സുനിൽകുമാർ

102

തിരുവനന്തപുരം : കൃഷിവകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ഇന്ന് (ഒക്ടോബർ രണ്ടിന്) ഫയൽ അദാലത്ത് നടത്തുമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പറഞ്ഞു. രാവിലെ മുതൽ ഉച്ചവരെ സെക്രട്ടേറിയറ്റ് തലത്തിലും ഉച്ചതിരിഞ്ഞ് കൃഷിവകുപ്പ് ഡയറക്ടറേറ്റിലുമായിരിക്കും ഫയൽ അദാലത്ത്. രാവിലെ 10.30 മുതൽ ഒരുമണി വരെ ഫിസിക്കൽ ഫയലുകളും 2.15 മുതൽ അഞ്ച് വരെ ഇ-ഫയലുകളും കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ പരിഗണിക്കും. കാർഷികോത്പാദന കമ്മിഷണർ, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.

ഈ മാസം 31 ന് മുമ്പ് കോടതിനടപടിയും മറ്റുമായി ബന്ധപ്പെട്ടതൊഴികെയുള്ള കെട്ടിക്കിടക്കുന്ന എൺപത് ശതമാനം ഫയലുകളും തീർപ്പാക്കുമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവയ്ക്ക് മുൻഗണന നൽകിയാവും തീർപ്പാക്കൽ. പെൻഷൻ കേസുകൾ, പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികൾ എന്നിവയ്ക്കും പ്രത്യേകപ്രാധാന്യം നൽകും.

മലയാളത്തിൽ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ കണക്ക് തീർപ്പാക്കൽ പ്രത്യേകം വിലയിരുത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആഗസ്റ്റ് മുതൽ ഫയൽ തീർപ്പാക്കലിന് തീവ്രയജ്ഞപരിപാടികൾ തീർപ്പാക്കിവരികയാണ്. 2020 മാർച്ച് 31നകം വകുപ്പിൽ പൂർണമായും ഇ-ഗവേണൻസ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS