തൃശൂർ : പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ അർഹതപ്പെട്ട ഒരാളെയും സർക്കാർ അവഗണിക്കില്ലെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. ചെയ്യാത്ത കാര്യങ്ങൾ മാത്രമല്ല, ചെയ്ത കാര്യങ്ങൾ കൂടി ജനങ്ങൾ അറിയണം. വീഴ്ചകൾ പരിഹരിക്കാൻ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. അപേക്ഷകൾ പുനഃപരിശോധിക്കുമ്പോൾ അർഹതപ്പെട്ട ഒരാളെയും ആനുകൂല്യങ്ങൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കില്ല.
പ്രളയം തകർത്ത ജില്ലയുടെ അതിജീവന ശ്രമങ്ങളെ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘ജനകീയം ഈ അതിജീവനം’ പൊതുജന സംഗമത്തിൽ അധ്യക്ഷ പ്രസംഗം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
2016ലെ വരൾച്ചയ്ക്കും 2017ലെ ഓഖിയ്ക്കും ശേഷം കേരളം കണ്ട മൂന്നാമത്തെ ദുരന്തമാണ് 2018ലെ പ്രളയം. പ്രളയത്തിൽ കാണിച്ച അതേ സഹകരണ മനോഭാവത്തോടെ പ്രളയാനന്തര പുനരധിവാസപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. പ്രളയാനന്തരപ്രവർത്തനങ്ങൾ ഏവർക്കും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വിധം കണക്കുകൾ തയ്യാറാക്കുന്നുണ്ട്. പുനരധിവാസത്തിന് പുതിയ പദ്ധതികളും അവിഷ്കരിക്കുന്നുണ്ട്.
ഒരു വർഷം കൊണ്ട് മനുഷ്യസാധ്യമായ രീതിയിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ അതേ രീതിയിലും ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട പദ്ധതികൾ അതേ രീതിയിലും നടപ്പാക്കും. ദുരന്തത്തിന് ശേഷം മറ്റുള്ളവർക്ക് മാതൃകയായ സുശക്തമായൊരു ആരോഗ്യസംവിധാനം ഉണ്ടായ സംസ്ഥാനമാണ് കേരളം. കിടന്നുറങ്ങാൻ പറ്റാത്ത വീടുകളല്ല, ആളുകളുടെ മനസ്സ് നിറയുന്ന വീടുകളാണ് സർക്കാരും സഹകരണബാങ്കുകളും നിർമ്മിച്ചു നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.