കുമ്പളയില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു

35

കാസറകോട് :കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുമ്പള പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നു. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന ഫണ്ട്, തനത് ഫണ്ട്, വിവിധ ഏജന്‍സികളുടെ ധനസഹായം എന്നിവ ഉപയോഗിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

സുഭിക്ഷ കേരളം, കൃഷി വകുപ്പ് എന്നിവയും സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. നാളികേര കൃഷിക്ക് 24.40 ലക്ഷം രൂപ, കവുങ്ങ് കൃഷിക്ക് 6.21 ലക്ഷം, നെല്‍കൃഷി 17 .68 ലക്ഷം, തരിശു നെല്‍കൃഷി 10 ലക്ഷം, സുസ്ഥിര നെല്‍കൃഷി 3.63 ലക്ഷം, നേന്ത്രവാഴ കൃഷി രണ്ട് ലക്ഷം, ജീവനി പച്ചക്കറി കൃഷി ആറു ലക്ഷം, കൈപ്പാട് കൃഷി വികസനം അഞ്ചു ലക്ഷം, പച്ചക്കറി ക്ലസ്റ്റര്‍ 11 ലക്ഷം, തരിശു പച്ചക്കറി കൃഷി 4.3 ലക്ഷം, ഗ്രോബാഗ് വിതരണം നാല് ലക്ഷം, ഇടവിളകൃഷി ആറു ലക്ഷം, ഫലവൃക്ഷതൈ വിതരണം അഞ്ചു ലക്ഷം, പയര്‍ പച്ചക്കറിവിത്ത്, തൈകള്‍ വിതരണം 1.13 ലക്ഷം, സ്‌കൂള്‍ പച്ചക്കറിത്തോട്ടം 8000 രൂപ എന്നിങ്ങനെയാണ് പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുള്ളത്.

തരിശു നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി ബംബ്രാണവയല്‍, താഴെ കൊടിയമ്മ വയല്‍ എന്നിവിടങ്ങളില്‍ 70 ഏക്കര്‍ ഭൂമിയില്‍ കൃഷിയിറക്കി. കാര്‍ഷിക പദ്ധതിയുടെ പുരോഗതി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം അവലോകനം ചെയ്തു. പ്രസിഡന്റ് കെ എല്‍ പുണ്ട രീകാക്ഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗീത ലോകനാഥ് ഷെട്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി എന്‍ മുഹമ്മദലി, എ കെ ആരിഫ്, ഫാത്തിമ അബ്ദുല്ല കുഞ്ഞി, കൃഷി ഓഫീസര്‍ നാണുക്കുട്ടന്‍, പഞ്ചായത്ത് സെക്രട്ടറി ദീപേഷ് സംബന്ധിച്ചു.

NO COMMENTS