കാർഷിക സർവകലാശാല കൃഷിക്കാർക്ക് വേണ്ടിയാണെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു. കേരള കാർഷിക സർവകലാശാലയുടെ 49ാമത് സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത് സംയോജിത കൃഷിയുടെ കാലമായതിനാൽ, കാർഷിക സർവകലാശാല വിഭജിച്ച് ഫിഷറീസ് സർവകലാശാലയും വെറ്ററിനറി സർവകലാശാലയും രൂപീകരിച്ചത് വേണമായിരുന്നോ എന്ന സന്ദേഹം മന്ത്രി പ്രകടിപ്പിച്ചു. ഒരുമിച്ച് ഒരു സർവകലാശാലയായി മാറുന്നതാണ് നല്ലത്. സി. അച്യുത മേനോന്റെ ദീർഘവീക്ഷണവും കാഴ്ചപ്പാടും ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ കാർഷിക മേഖലയുടെ നേതൃത്വം വഹിക്കാൻ കാർഷിക സർവകലാശാലയ്ക്ക് കഴിഞ്ഞു.
ഈ സർക്കാറിന്റെ കാലത്ത് കാർഷിക സർവകലാശാല കോഴ്സുകളിൽ 200 സീറ്റുകൾ വർധിപ്പിച്ചതായി മന്ത്രി പറഞ്ഞു. 220 സീറ്റുണ്ടായിരുന്നത് 420 ആക്കി. ഏറെക്കാലത്തിന് ശേഷം 130 അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിച്ചു. ശേഷിച്ച അധ്യാപക തസ്തികൾ നികത്തും. സർവകലാശാല അസിസ്റ്റൻറ്, ക്ലാസ് ഫോർ നിയമനം നടത്തി വരികയാണ്. സർവകലാശാലയുടെ ആറ് സ്റ്റേഷനുകളിൽ തൊഴിലാളി നിയമനത്തിനായി അഭിമുഖം നടത്തി. വെള്ളാനിക്കര, മണ്ണുത്തി സ്റ്റേഷനുകളിലെ തൊഴിലാളി നിയമനം ഈ മാസം പൂർത്തിയാക്കും.
സ്ഥാപിതമായി 50ാം വർഷത്തിലെത്തുമ്പോൾ സർവകലാശാല ഇ-ഗവേണൻസിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ഗവേഷണ മേഖലയിൽ വിപ്ലവകരമായ മാറ്റം വേണം. അനാവശ്യമായ രാഷ്ട്രീയ ഇടപെടൽ ഗവേഷണ മേഖലയിൽ ഉണ്ടാവരുത്. മന്ത്രി പറഞ്ഞു.
മികച്ച കോളജിനുള്ള പുരസ്‌കാരം വെള്ളായണി കാർഷിക കോളജിനും മികച്ച റിസർച്ച് സ്റ്റേഷനുള്ള പുരസ്‌കാരം പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിനും മികച്ച അധ്യാപനത്തിനുള്ള പുരസ്‌കാരം ഡോ. ജയശ്രീ കൃഷ്ണൻകുട്ടിക്കും മികച്ച എകസ്റ്റെൻഷൻ സയൻറിസ്റ്റിനുള്ള പുരസ്‌കാരം ഡോ. ബെറിൻ പത്രോസിനും മികച്ച ഗവേഷകനുള്ള പുരസ്‌കാരം ഡോ. കെ.എൽ. കാർത്തികേയനും മന്ത്രി സമ്മാനിച്ചു. മുൻ വി.സിമാരായ ഡോ. കെ.വി. പീറ്റർ, കെ.ആർ. വിശ്വംഭരൻ എന്നിവർക്കും 30 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ജീവനക്കാർക്കും മന്തി ഉപഹാരം നൽകി.
ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ അധ്യക്ഷത വഹിച്ചു. കാർഷിക ഉൽപാദന കമീഷണർ ദേവേന്ദ്രകുമാർ സിംഗ് മുഖ്യപ്രഭാഷണം നടത്തി. സർവകലാശാല വൈസ് ചാൻസിലർ ഡോ. ആർ. ചന്ദ്രബാബു, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. സി.എൻ. രവിശങ്കർ, ഡോ. കെ. അരവിന്ദാക്ഷൻ, അനിത രാധാകൃഷ്ണൻ, രജിസ്ട്രാർ ഡോ. ഡി. ഗിരിജ എന്നിവർ സംസാരിച്ചു.