ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ കാര്‍ലോ ഗെരോസയെ ഇറ്റലിയില്‍ വച്ച് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. കാര്‍ലോ ഗെരോസയെ ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറും.
ഗെരോസയെ കൂടാതെ ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യന്‍ മൈക്കള്‍, ഇറ്റലിക്കാരനായ ഗൈഡോ ഹാഷ്കെ എന്നീ രണ്ട് ഇടനിലക്കാര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
വി.വി.ഐ.പികളുടെ യാത്രയ്ക്കായി ഇറ്റാലിയന്‍ കമ്ബനിയായ അഗസ്റ്റ വെസ്റ്റ്ലാന്റില്‍ നിന്ന് 12 എ.ഡബ്ല്യു-101 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ 423 കോടി കോഴയായി കൈമാറിയെന്നാണ് ആരോപണം. ഇടപാടിലെ ക്രമക്കേട് 2011 ആഗസ്റ്റിലാണ് പുറത്തുവന്നത്. മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയടക്കം രാജ്യത്തെ നിരവധി പ്രമുഖര്‍ക്ക് ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റും സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്.