പശുക്കളെ കടത്തിയെന്ന് ആരോപിച്ച്‌ ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് മരിച്ചു

227

അഹമ്മദാബാദ്: പശുക്കളെ കടത്തിയെന്ന് ആരോപിച്ച്‌ ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അയൂബ് (29) ആണ് വെള്ളിയാഴ്ച മരിച്ചത്.
മുഹമ്മദും സുഹൃത്ത് സമീര്‍ ഷെയ്ഖും ചേര്‍ന്ന് ഒരു പശുവിനെയും കിടാവിനെയും വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടയിലാണ് ഒരു സംഘം മര്‍ദ്ദിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.പുലര്‍ച്ചെ മൂന്നു മണിയോടെ പശുക്കളുമായി പോവുകയായിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് പശുക്കുട്ടി ചത്തു. അപകടത്തില്‍ അയൂബിനും പരിക്കേറ്റിരുന്നു.തുടര്‍ന്ന് യാത്ര തുടര്‍ന്ന അയൂബിനെയും സുഹൃത്തിനെയും ഒരു സംഘം പിന്‍തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരന്‍ ഇടപെട്ടാണ് അയൂബിന്റെ സുഹൃത്ത് സമീറിനെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ അയൂബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു.
സംഭവത്തെ തുടര്‍ന്ന് അനധികൃതമായി പശുവിനെ കടത്തിയതിന് അയൂബിനും സമീറിനും എതിരായി മൂന്ന് ഗോരക്ഷാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പരാതി നല്‍കിയിരുന്നു.അയൂബിനെ മര്‍ദ്ദിച്ച സംഘത്തില്‍പ്പെട്ടവരാണ് പരാതി നല്‍കിയ മൂന്നുപേരുമെന്ന് അയൂബിന്റെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY