ചെന്നൈ : ശശികലയ്ക്കെതിരെ തുറന്നടിച്ച് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. ചില സത്യങ്ങള്‍ തുറന്ന്‍ പറയാനുണ്ടെന്ന് പനീര്‍ശെല്‍വം മാധ്യമങ്ങളോട്. മന്ത്രിസഭയിലെ ഒരംഗം തന്നോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടു. റെവന്യൂ മന്ത്രി ഉദയകുമാറാണ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ജയലളിതയാണ് തന്നോട് മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടത്. അമ്മയുടെ ആത്മാവ് തന്നോട് സംസാരിച്ചു. ജനങ്ങള്‍ക്ക് ഇഷ്ടമല്ലാത്തയാള്‍ മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. മരീനാ ബീച്ചില്‍ 40 മിനിട്ടോളം ജയലളിതയുടെ സമാധിക്കു മുന്നില്‍ നമസ്കരിച്ചതിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ അറിയാതെയാണ് എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ശശികലയെ മുഖ്യമന്ത്രിയായി തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ശശികല മുഖ്യമന്ത്രിയാകുമെന്നു മന്ത്രിമാര്‍ പറഞ്ഞുനടന്നു. അവരെ മുഖ്യമന്ത്രിയാക്കാന്‍ എല്ലാവരും കൂടി തീരുമാനിക്കുകയായിരുന്നു. നിയമസഭാകക്ഷിയോഗം തന്നെ അറിയിച്ചില്ല. പിന്നീടാണ് അറിയുന്നത് ശശികലയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തെന്ന്. പാര്‍ട്ടിയിലെ ഐക്യം തകരുമെന്നു പറഞ്ഞ് തന്നെ രാജിവെപ്പിക്കുകയായിരുന്നുവെന്നും ശശികലയെ പിന്തുണയ്ക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം പറഞ്ഞു. മനസാക്ഷിക്കുത്ത് കാരണമാണ് ഇപ്പോള്‍ ഇത് തുറന്നു പറയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.റവന്യു മന്ത്രി ആര്‍.ബി ഉദയകുമാര്‍ തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെന്നും ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനസമ്മതിയില്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കുന്നതിനെട് താന്‍ അനുകൂലിക്കുന്നില്ല. പാര്‍ട്ടി പിളര്‍ത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ല. ജയലളിത ആവശ്യപ്പെട്ടിട്ടാണ് താന്‍ മുഖ്യമന്ത്രിയായത്. ആശുപത്രി കിടക്കയില്‍വച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജനങ്ങളും പാര്‍ട്ടിയും ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാവ് ഇ. മധുസൂദനനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കണമെന്നും ജയലളിത ആവശ്യപ്പെട്ടെന്ന് പനീര്‍ശെല്‍വം പറഞ്ഞു.