ഇന്ത്യയില്‍ രക്തദാനത്തിലൂടെ 2234 പേര്‍ക്ക് എയ്ഡ്സ് ബാധിച്ചു

352

കൊച്ചി: രക്തദാനത്തിലൂടെ ഇന്ത്യയില്‍ 2234 പേര്‍ എയ്ഡ്സ് ബാധിതരായതായി ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയുടെ (നാക്കോ) കണക്ക്. 2014 സപ്തംബര്‍ മുതല്‍ 2016 മാര്‍ച്ച്‌ വരെയുള്ള കണക്കാണ് നാക്കോ പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രകാരം കേരളത്തില്‍ രക്തദാനത്തിലൂടെ 89 പേര്‍ എയ്ഡ്സ് ബാധിതരായിട്ടുണ്ട്. സുരക്ഷിതമല്ലാത്ത രക്തദാനത്തിലൂടെ എയ്ഡ്സ് ബാധിച്ചവരുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഉത്തര്‍പ്രദേശിലാണ്-361. 292 പേരുമായി ഗുജറാത്താണ് രണ്ടാമത്. മഹാരാഷ്ട്രയില്‍ 276-ഉം ഡല്‍ഹിയില്‍ 264-ഉം പശ്ചിമ ബംഗാളില്‍ 135-ഉം കര്‍ണാടകയില്‍ 127-ഉം ഹരിയാണയില്‍ 99-ഉം ബിഹാറില്‍ 91-ഉം തമിഴ്നാട്ടില്‍ 89-ഉം പഞ്ചാബില്‍ 88-ഉം ഛത്തീസ്ഗഢില്‍ 69-ഉം ഒഡിഷയിലും രാജസ്ഥാനിലും 55-ഉം ആന്ധ്രപ്രദേശില്‍ 43-ഉം തെലങ്കാനയില്‍ 43 പേര്‍ക്കും ഇപ്രകാരം എയ്ഡ്സ് പിടിപെട്ടിട്ടുണ്ട്.ജാര്‍ഖണ്ഡിലും മണിപ്പുരിലും 17-ഉം ഉത്തരാഖണ്ഡില്‍ 16-ഉം ജമ്മുകശ്മീരിലും മധ്യപ്രദേശിലും 14-ഉം അസമില്‍ എട്ടും മിസ്സോറമിലും നാഗാലാന്‍ഡിലും നാലും ദമാനില്‍ മൂന്നും ഗോവയില്‍ രണ്ടും പുതുച്ചേരി ഒരാളും എയ്ഡ്സ് ബാധിതരായിട്ടുണ്ട്. രാജ്യത്തെ അംഗീകൃത രക്തബാങ്കുകളില്‍ നിന്ന് ലഭിച്ച രക്തത്തില്‍ നിന്നാണ് രോഗ ബാധയുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പല രക്തബാങ്കുകളും കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പരിപൂര്‍ണ സുരക്ഷ ഉറപ്പു വരുത്താന്‍ സംവിധാനങ്ങളില്ലാത്തതാണ് തിരിച്ചടിയാകുന്നത്. രക്തം സുരക്ഷിതമാണോയെന്ന് പരിശോധിക്കാനായി സിറോളജി രീതികള്‍ പലയിടങ്ങളിലും നടപ്പാക്കുന്നുണ്ടെങ്കിലും ഇത് ഫലപ്രദമല്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. ഇതിലൂടെ എച്ച്‌.ഐ.വി., ഹെപ്പെറ്റെറ്റിസ് ബി, െഹപ്പെറ്റെറ്റിസ് സി തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കില്ല. രക്തം സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്താനുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഏറ്റവും മികച്ച രീതി ന്യൂക്ലിയിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ സാങ്കേതിക വിദ്യയാണ്. ഇതിലൂടെ വളരെ ചെറിയ തോതിലുള്ള വൈറല്‍ ആര്‍.എന്‍.എ., ഡി.എന്‍.എ. വരെ കണ്ടുപിടിക്കാം. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സംവിധാനമാണിത്. അതുകൊണ്ട് തന്നെ സര്‍ക്കാറിന്റെ സഹായത്തോടെ മാത്രമേ ഈ രീതി സജ്ജമാക്കാന്‍ സാധിക്കുകയുള്ളൂ.
കേരളത്തില്‍ ഐ.എം.എ. രക്തബാങ്കിന് മാത്രമാണ് ഈ സാങ്കേതിക വിദ്യയുള്ളത്. 2012 ഒക്ടോബര്‍ മുതല്‍ ഐ.എം.എ. രക്തബാങ്ക് വിവിധ രക്തക്യാമ്ബുകളിലൂടെയും മറ്റും 49,311 യൂണിറ്റ് രക്തം ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ഹെപ്പെറ്റെറ്റിസ് ബിയും ഹെപ്പെറ്റെറ്റിസ് സിയും എച്ച്‌.ഐ.വി.യും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. സിറോളജി പരിശോധനാ രീതിയിലൂടെ സുരക്ഷിതമായ രക്തമെന്ന് സ്ഥിരീകരിച്ചവയായിരുന്നു ഇവയെല്ലാം. ന്യൂക്ലിയിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ സാങ്കേതിക വിദ്യ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുന്നതിലൂടെ രക്തദാനത്തിലൂടെ മാരക രോഗങ്ങള്‍ പകരുന്നത് തടയാനാകുമെന്ന് ഐ.എം.എ. രക്തബാങ്ക് ചെയര്‍മാന്‍ ഡോ. നാരായണന്‍ കുട്ടി, സെക്രട്ടറി സുനില്‍ മത്തായി എന്നിവര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY