കാസറകോട് : വൈദ്യുതി ബോര്‍ഡും പൊതുജനങ്ങളും തമ്മില്‍ സൗഹാര്‍ദപരമായ അന്തരീക്ഷം കെട്ടിപ്പെടുക്കാനുള്ള ചുവടു വെയ്പ്പാണ് വൈദ്യുതി അദാലത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂര്‍ണ്ണ വൈദ്യുതികരണത്തിന് പുറമെ ലോഡ് ഷഡിങോ പവ്വര്‍ കട്ടോ ഏര്‍പ്പെടുത്തില്ലെന്ന് അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ വാഗ്ദാനം ഈ സര്‍ക്കാര്‍ പൂര്‍ണമായും പാലിച്ചുവെന്നും വൈദ്യുതി ഉല്‍പ്പാദനത്തിലും വിതരണത്തിലും കൂടുതല്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.
വൈദ്യതി മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പിന്തുണയോടെ കൂടുതല്‍ കരുത്ത് നേടി വൈദ്യുതി ബോര്‍ഡ് പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുകയാണ്. ഇതുവരെയുള്ള കാലയളവില്‍ വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്.
പ്രകൃതി ദുരന്തവും ഓഖിയും പ്രളയവുമെല്ലാം വൈദ്യുതി മേഖലയിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. എന്നാല്‍ അവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കി. അയല്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിദഗ്ധ സേവനം ലഭ്യമാക്കാന്‍ നമുക്ക് കഴിഞ്ഞു.
കേരളത്തിന് ആവശ്യമുള്ളതിന്റെ 30 ശതമാനം മാത്രം വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വൈദ്യുതിയും ഹ്രസ്യകാല ദീര്‍ഘകാല കരാറുകളിലൂടെ നാം വാങ്ങുന്നു.ഈ പരിമിതികള്‍ക്കിടയിലും സമ്പൂര്‍ണ്ണ വൈദ്യുതീകരണപ്രവവര്‍ത്തി പൂര്‍ത്തിയാക്കി. ഓരോ ദിവസവും വൈദ്യുതിയുടെ ആവശ്യം വര്‍ധിച്ചു വരികയാണ്. ഭാവിയിലുണ്ടാകാനിടയുള്ള ഊര്‍ജ പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ട് അതിനെ മറി കടക്കാന്‍ നാം കൂടുതല്‍ സാധ്യതകള്‍ പരീക്ഷിക്കുകയാണ്.
ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസ് ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. സൗരോര്‍ജത്തില്‍ നിന്നും കൂടുതല്‍ വൈദ്യതി ഉല്‍പ്പാദിപ്പിക്കും. 200 മെഗാവാട്ട് ഇപ്പോള്‍ തന്നെ ഉല്‍പ്പാദിപ്പി ക്കുന്നുണ്ട്.1000 മെഗാവാട്ട് കൂടി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയും നടന്നു വരികയാണ്. ബോര്‍ഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് പുറമെ പൊതുജനങ്ങള്‍ക്ക് സംതൃപ്തമായ സേവനം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഇതുപോലുള്ള അദാലത്തുകളിലൂടെ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പുരപ്പുറ സൗരോര്‍ജ പദ്ധതി വ്യാപകമാക്കും
ഭാവിയിലുണ്ടാകാനിടുള്ള ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമായി സംസ്ഥാനത്ത് പുരപ്പുറ സൗരോര്‍ജ പദ്ധതി വ്യാപിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. 50 മെഗാവാട്ട് വൈദ്യുതി ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നു. അധികം താമസിയാതെ തന്നെ 300 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ വൈദ്യുതി വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. എല്‍.ഇ.ഡി. ബള്‍ബുകളുടെ വിതരണവും കാര്യക്ഷമമായി നടക്കുകയാണ്. ഫ്‌ലോട്ടിങ് സോളാര്‍ പാനലുകള്‍ വഴിയും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമവും പുരോഗമിക്കുന്നു. വൈദ്യുതി പ്രസരണ വിതരണ ശൃംഘല കൂടുതല്‍ ഊര്‍ജക്ഷമമാക്കാന്‍ 12000 കോടി രൂപയുടെ മൂലധന സമാഹരണവും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു: റവന്യു മന്ത്രി
കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന്റെ നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റവന്യു ഭവന നിര്‍മ്മണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വൈദ്യുതി അദാലത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി.വൈദ്യുതി ഭവന്‍ യാഥാര്‍ഥ്യമാകുന്നതോടെ വിവിധ ഇടങ്ങളില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ഓഫീസുകളെല്ലാം ഒരു കേന്ദ്രത്തിലെത്തും. വൈദ്യുതി സംബന്ധമായ എല്ലാ ആവശ്യങ്ങളും ഒരു സ്ഥലത്തു നിന്ന് ജനങ്ങള്‍ക്ക് ലഭിക്കും. ജീവനക്കാര്‍ക്കും ഇത് വളരെ ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മലയോര മേഖലയിലടക്കമുള്ള വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ വൈദ്യുതി മന്ത്രി മുന്‍കൈ എടുത്ത് നടക്കുന്ന അദാലത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി അദാലത്ത് സംഘടിപ്പിച്ചു
ജില്ലയിലെ വൈദ്യുതി മേഖലയിലുള്ള പരാധികള്‍ ശേഖരിക്കാനും പരിഹരിക്കാനുമായി കാസര്‍കോട് കളക്ടറേറ്റില്‍ വൈദ്യുതി അദാലത്ത് സംഘടിപ്പിച്ചു.വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശഖരന്‍ അധ്യക്ഷനായി.എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്നു, കെ.കുഞ്ഞിരാമന്‍,എം.രാജഗോപാലന്‍,എം.സി.കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു,നഗരസഭാ അധ്യക്ഷരായ ബീഫാത്തിമാ ഇബ്രാഹിം, പ്രൊഫ.കെ.പി.ജയരാജന്‍ കെ.എസ്.ഇ.ബി.ഡയറക്ടര്‍ ഡോ.വി.ശിവദാസന്‍,ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ പി.കുമാരന്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള സ്വാഗതവും നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ഞ്ചിനീയര്‍ ആര്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വെള്ളാട്ട് ഗ്രാമത്തിലെ 75 കുടുംബങ്ങള്‍ക്ക് ആശ്വാസം
കയ്യൂര്‍ ഇലക്ടിക്കല്‍ സെഷനു കീഴിലുള്ള വെള്ളാട്ട് ഗ്രാമത്തിലെ 75 കുടുംബങ്ങളുടെ ദീര്‍ഘകാല പ്രശ്‌നത്തിന് വൈദ്യൂത അദാലത്തില്‍ പരിഹരമായി. 30 വര്‍ഷം മുമ്പ് വയലിനും കൃഷിയിടത്തിനും മധ്യേ സ്ഥാപിച്ച വൈദ്യൂത ലൈന്‍ പ്രൊജക്ട് മാനേജ്‌മെന്റ് സബ് ഡിവിഷന്‍ യുണിറ്റില്‍ ഉള്‍പ്പെടുത്തി മാറ്റി സ്ഥാപിക്കും.കൃഷിയിടങ്ങളിലൂടെ വൈദ്യുത ലൈന്‍ കടന്നു പോകുന്നതിനാല്‍ ലൈന്‍ പൊട്ടുന്നതും അതിന്റെ അറ്റകുറ്റപ്പണിയും ഇവിടെ പതിവായിരുന്നു..
മഴക്കാലങ്ങളി്ല്‍ വയലില്‍ വെള്ളം കയറിയാല്‍ വെള്ളം ഇറങ്ങിയതിന് ശേഷം മാത്രമെ ലൈന്‍ പുനസ്ഥാപിക്കാനാവൂ. ഇതുമൂലം മഴക്കാലങ്ങളില്‍ ഇവിടുത്തെ കൂടുംബങ്ങള്‍ ഇരുട്ടിലാണ്.കഴിഞ്ഞ മഴക്കാലത്ത് ആഴ്ചകളോളം ഇരുട്ടിലായിരുന്നു ഈ പ്രദേശം. ലൈന്‍ സമീപത്തെ റോഡ് വഴി മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതേ തുടര്‍ന്ന് ഇലക്ട്രിക്കല്‍ സെഷന്‍ ഓഫീസില്‍ ലൈന്‍ മാറ്റി സഥാപിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും അതിന്റെ ചിലവായ അഞ്ച് ലക്ഷം രൂപ ഗുണഭോക്താക്കള്‍ വഹിക്കണം.
കൂടുതലും ബിപിഎല്‍ കൂടുംബങ്ങളാണ് ഈ പ്രദേശത്ത് ഈ തുക കണ്ടെത്താനാകില്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.മറ്റ് വഴികളില്ലാതെ അദാലത്തിലെത്തിയ ഇവര്‍ക്ക് ഇലക്ടിസിറ്റി ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് തന്നെ ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ അനുമതി ലഭിച്ചു. റോഡിലൂടെ വൈദ്യുത ലൈന്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ നിലവിലുള്ള വൈദ്യൂത ലൈനിനേക്കാള്‍ 50 മീറ്ററോളം കുറവ് മതി. കൂടാതെ റോഡിലൂടെ വൈദ്യുത ലൈന്‍ സ്ഥാപിക്കുകയാണെങ്കില്‍ അതിനോടനുബന്ധിച്ച് സ്ട്രീറ്റ് ലൈനുകള്‍ സ്ഥാപിക്കാനുമാകും.
മോഹന്‍ദാസിന് ഇനി വീട് പണിയാം
റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് എഞ്ചിനീയര്‍ മോഹന്‍ദാസിനും ഭാര്യ രാധക്കും ചോയ്യങ്കോടെ സ്വന്തം സ്ഥലത്ത് ഇനി വീട് പണിയാം. ഇവരുടെ സ്വന്തമായുള്ള 44 സെന്റ് സ്ഥലത്തൂടെയാണ് ഹൈടെന്‍ഷന്‍ ലൈന്‍ കടന്നു പോകുന്നത്. ഇതിനെ തുടര്‍ന്ന് വീട് വെക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഹൈടെന്‍ഷന്‍ ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും ഒന്നര ലക്ഷം രൂപയോളം വരുന്ന ചിലവ് ഗുണഭോക്താവ് വഹിക്കണം.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളുമുള്ള മോഹന്‍ദാസിന് ഈ തുക അധിക ബാധ്യതയാവുകയായിരുന്നു.് .എ പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ യാതൊരു ആനുകൂല്യവും ഈ കുടുംബത്തിന് ലഭിക്കില്ല. മരുമകളുടെ കൂടെ അദാലത്തിലെത്തിയ ഇദ്ദേഹത്തിന് റിട്ടയേര്‍ഡ് സുരക്ഷ ഉദ്യോഗസ്ഥനെന്ന പരിഗണനയില്‍ അമ്പത് ശതമാനത്തോളം തുക കെ.എസ്ഇബി ചെയര്‍മാന്റെ ഇടപെടലിലൂടെ കുറച്ചു കിട്ടി.. ഇതേ തുടര്‍ന്നാണ് ചോയ്യങ്കോട് വീട്ടുണ്ടാക്കാന്‍ തീരുമാനിച്ചത്.