മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

14

2025 ഓടെ കേരളത്തിൽ നിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതാക്കാനും മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുന്നതിനുമാണ് ലക്ഷ്യ മിടുന്ന തെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലമ്പനി നിവാരണത്തിനുള്ള കർമ്മ പദ്ധതി തയ്യാറാക്കി പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഈ വർഷം മലമ്പനി നിവാരണ പ്രഖ്യാപനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നടന്നുവരുന്നു.

മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാർഗങ്ങൾ പ്രയോജനപ്പെടുത്താം എന്ന താണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശം അന്വർത്ഥമാക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ നമുക്കു കഴിയണം എന്നും മന്ത്രി പറഞ്ഞു. ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജമീല ശ്രീധരൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിദ്യ, ദേശീയ പ്രാണീജന്യ രോഗ നിയന്ത്രണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ഡോ. ബിനോയ് എസ്. ബാബു, ഫൈലേറിയ കൺസൾട്ടന്റ് ഡോ. ടി. ദിലീപ് കുമാർ, എന്റമോളജി അസിസ്റ്റന്റ് ഡയറക്ടർ എം.എസ്. ശശി, ഫൈലേറിയ അസിസ്റ്റന്റ് ഡയറക്ടർ വി സന്തോഷ് കുമാർ, നഴ്സിങ് അഡീഷണൽ ഡയറക്ടർ എം.ജി ശോഭന, സ്റ്റേറ്റ് മാസ് എജൂക്കേഷൻ മീഡിയ ഓഫീസർ ഇൻ ചാർജ് കെ.എൻ. അജയ് എന്നിവർ പങ്കെടുത്തു. പേരൂർക്കട ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എ.എൽ. ഷീജ നന്ദി പറഞ്ഞു.

ലോക മലമ്പനി ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാറിൽ അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി മലമ്പനി രോഗത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ചടങ്ങിനോടനുബന്ധിച്ച് മലമ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രദർശനവും സംഘടിപ്പിച്ചു.

NO COMMENTS