ചെന്നൈയിലെ താംബരത്തു നിന്ന് പോര്‍ട്ട് ബ്ലയറിലേയ്‌ക്ക് പോയ വ്യോമസേനയുടെ എ.എന്‍ 32 വിമാനം കാണാതായിട്ട് ഒരു മാസം പിന്നിടുമ്പോഴും സൈന്യത്തിന് വ്യക്തമായ സൂചനകളില്ല. വിമാനത്തിന്റെ ആകൃതിയ്‌ക്ക് സമാനമായ വസ്തുക്കളുടെ 14 ചിത്രങ്ങള്‍ ആഴക്കടലില്‍ തെരച്ചില്‍ നടത്തുന്ന സംയുക്ത സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ച് വരികയാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
കഴിഞ്ഞ മാസം ഇതേ ദിവസമായിരുന്നു വ്യോമസേനയുടെ എ.എന്‍ 32 വിമാനം ബംഗാള്‍ ഉള്‍ക്കടലിന് 150 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ച് കാണാതായത്. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനത്തെക്കുറിച്ച് വ്യോമ, നാവിക സേനകളുടെ സംയുക്ത സംഘം ഒരു മാസമായി തെരച്ചില്‍ നടത്തിയിട്ടും വ്യക്തമായ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ട് ലക്ഷം കിലോമീറ്റര്‍ ദൂരപരിധിയില്‍ സമുദ്രോപരിതലത്തില്‍ പതിനഞ്ച് ദിവസത്തോളം നടത്തിയ തെരച്ചിലില്‍ വിമാനത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിയ്‌ക്കാത്തതിനെത്തുടര്‍ന്ന് തെരച്ചില്‍ ആഴക്കടലിലേയ്‌ക്ക് കേന്ദ്രീകരിച്ചിരുന്നു.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സാഗര്‍ രത്നാകര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ സാഗര്‍ നിധി എന്നീ രണ്ട് കപ്പലുകളാണ് ആധുനിക ഉപകരണങ്ങളുപയോഗിച്ച് ആഴക്കടല്‍ തെരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്. എക്കോ സൗണ്ടിംഗ് സംവിധാനമുപയോഗിച്ച് കടലിന്റെ അടിത്തട്ടില്‍ നടത്തിയ തെരച്ചിലില്‍ ചെന്നൈ തീരത്തു നിന്ന് 160 നോട്ടിക്കല്‍ മൈല്‍ അകലെ വിമാനത്തിന്റെ ആകൃതിയ്‌ക്ക് സമാനമായ പതിന്നാല് വസ്തുക്കളുടെ ചിത്രങ്ങള്‍ ഈ കപ്പലുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് കാണാതായ വിമാനത്തിന്റേതാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും നീണ്ടതും വിപുലവുമായ തെരച്ചിലാണ് കാണാതായ എ.എന്‍ 32 വിമാനത്തിനു വേണ്ടി പ്രതിരോധ മന്ത്രാലയം നടത്തുന്നത്. വിമാനത്തില്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസസിലെ രണ്ട് മലയാളി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.