ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഇന്നു പുലര്‍ച്ചയോടെ ഹാക്ക് ചെയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കു ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ് ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തതെന്നാണ് പ്രാഥമിക വിവരം. ഇന്നു പുലര്‍ച്ചയോടെ പ്രത്യക്ഷപ്പെട്ട ടര്‍ക്കിഷ് ഭാഷയിലുള്ള ചില ട്വീറ്റുകളാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള സൂചന നല്‍കിയത്. അവസാന നിമിഷത്തെ അറിയിപ്പ്: എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തിരിക്കുന്നു. ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം എന്നുമായിരുന്നു ഈ ട്വീറ്റ്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിലാസം @airindiain എന്നതില്‍നിന്ന് @airindiaTR എന്നാക്കി ഹാക്കര്‍മാര്‍ മാറ്റുകയും ചെയ്തിരുന്നു.