ന്യൂഡല്‍ഹി: പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കി സഞ്ചരിക്കാന്‍ അനുമതിതേടി കേന്ദ്രസര്‍ക്കാരിന് ഇന്ത്യയിലെ വിമാനക്കമ്ബനികളുടെ അപേക്ഷ. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ കമ്ബനികളാണ് അപേക്ഷയുമായി പ്രതിരോധ മന്ത്രാലയത്തെയും വ്യോമയാന മന്ത്രാലയത്തെയും സമീപിച്ചിട്ടുള്ളത്.
പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാതയ്ക്ക് പകരം വ്യോമസേനയും നാവികസേയും ഉപയോഗിക്കുന്ന പാതയില്‍കൂടി സര്‍വ്വീസ് നടത്താന്‍ അനുവദിക്കണമെന്നാണ് വിമാനക്കമ്ബനികളുടെ ആവശ്യം. പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത തങ്ങള്‍ക്ക് കനത്ത സാമ്ബത്തിക ബാധ്യത വരുത്തിവയ്ക്കുന്നു എന്നാണ് വിമാനക്കമ്ബനികള്‍ പറയുന്നത്. ഇന്ത്യാ പാക് ബന്ധം വഷളായ സാഹചര്യവും വിമാനക്കമ്ബനികള്‍ ചൂണ്ടിക്കാട്ടുന്നു.
അഹമ്മദാബാദില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളാണ് പാകിസ്താന് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കുന്നത്. പാത മാറ്റം സംബന്ധിച്ച് സ്പൈസ്ജെറ്റ് അധികൃതര്‍ പ്രതിരോധ മന്ത്രാലയത്തിനും സിവില്‍ വ്യോമയാന മന്ത്രാലയത്തിനും പ്രത്യേക പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, വിഷയത്തില്‍ പ്രതിരോധ മന്ത്രാലയം ഇനിയും തീരുമാനമെടുത്തിട്ടില്ല.