ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണിത്.
ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. വിമാനത്താവളങ്ങള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ രണ്ട് മിനിട്ടിലേറെ നിര്‍ത്തിയിടാന്‍ അനുവദിക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യ, യു.എസ് സന്ദര്‍ശനത്തിന് പുറപ്പെടാനിരുന്ന രാജ്നാഥ് സിങ് സന്ദര്‍ശനം റദ്ദാക്കിയാണ് അടിയന്തര യോഗം വിളിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഐ.ബി, റോ എന്നിവയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു.
17 സൈനികരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. പഠാന്‍കോട്ട് ഭീകരാക്രമണത്തെക്കാള്‍ വലിയ ആക്രമണമാണ് ഞായറാഴ്ച കശ്മീരിലെ ഉറിയില്‍ നടന്നത്.