നൂറിലധികം പാക്ക് ഭീകരര്‍ ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ തയാറായിരിക്കുന്നു : അജിത് ഡോവല്‍

239

ന്യൂഡല്‍ഹി • നൂറിലധികം പാക്ക് ഭീകരര്‍ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ തയാറായിരിക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് സുരക്ഷാ കമ്മിറ്റിയിലാണ് ഡോവല്‍ ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പു നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും കാര്യങ്ങള്‍ വിശദീകരിച്ചത്. ബുധനാഴ്ച രാവിലെയാണ് കാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ യോഗം ചേര്‍ന്നത്.കഴിഞ്ഞയാഴ്ച പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകള്‍ ആക്രമിച്ചതിനു ശേഷം ഇതുരണ്ടാം തവണയാണ് കാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ യോഗം ചേരുന്നത്. ആഭ്യന്തര, വിദേശകാര്യ, പ്രതിരോധ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം, നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഭീകരരുടെ ലോഞ്ച് പാഡുകള്‍ക്ക് പാക്ക് സൈന്യം സംരക്ഷണം നല്‍കുന്നുണ്ട്. ഏതാണ്ട് പന്ത്രണ്ടിലധികം ലോഞ്ച് പാഡുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡോവല്‍ യോഗത്തെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഭീകരരുടെ ഏഴ് ലോഞ്ച് പാഡുകളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. 38 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. ഉറിയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനുള്ള തിരിച്ചടിയെന്നോണമായിരുന്നു ഇന്ത്യന്‍ ആക്രമണം.

NO COMMENTS

LEAVE A REPLY