അജിത് ഡോവല്‍ ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേഷിയുമായി കൂടിക്കാഴ്ച നടത്തി

198

ബെയ്ജിങ്: ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് സ്റ്റേറ്റ് കൗൺസിലർ യാങ് ജിയേഷിയുമായി കൂടിക്കാഴ്ച നടത്തി. ബ്രിക്സ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഡോവൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ നാളെ കാണും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ നിലവിലെ അധ്യക്ഷസ്ഥാനം ചൈനയ്ക്കാണ്. ഇതിന്റെ ഭാഗമായാണു കൂടിക്കാഴ്ച
. ബുധനാഴ്ചയാണ് ഡോവൽ ചൈനയിൽ എത്തിയത്. ദോക് ലാ പ്രദേശത്തുനിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാതെ ചർച്ച സാധ്യമല്ലെന്നാണു ചൈനയുടെ നിലപാടെങ്കിലും നയതന്ത്രതലത്തിലുള്ള ചർച്ചകൾക്ക് ഇതു തടസ്സമാകില്ലെന്നാണു സൂചന. സിക്കിമിലെ ദോക് ലാ മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. എന്നാൽ, അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നം ചർച്ചയായോ എന്ന് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ ഉന്നത സുരക്ഷാ പ്രതിനിധികളുമായും യാങ് ജിയേഷി കൂടിക്കാഴ്ച നടത്തിയെന്ന് ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉഭയകക്ഷി ബന്ധം, രാജ്യാന്തര–അതിർത്തി പ്രശ്നങ്ങൾ, മറ്റു പ്രധാന വിഷയങ്ങൾ എന്നിവ ചർച്ചയായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ സിക്കിം വിഷയമുണ്ടോ എന്ന് വ്യക്തമല്ല.

NO COMMENTS