ക്ഷയരോഗികളെ കണ്ടെത്താനായി എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അക്ഷയ കേരളം കാമ്പയിൻ വീണ്ടും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന കാമ്പയിനിൽ വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരി ക്കുന്നത്. ക്ഷയരോഗം കണ്ടെത്താതെ സമൂഹത്തിൽ കഴിയുന്ന 1600 ഓളം ക്ഷയരോഗ ബാധിതരെ എങ്കിലും അടുത്ത രണ്ടു മാസത്തിനുള്ളിൽ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകുകയാണ് കാമ്പയിന്റെ മുഖ്യ ലക്ഷ്യം. കോവിഡ് മഹാമാരി ക്ഷയരോഗനിവാരണ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് ക്ഷയരോഗ നിർണയത്തിന്, കടുത്ത വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. എന്നാൽ അതുകൂടി മറികടക്കാനാണ് ദേശീയ ശ്രദ്ധ നേടിയ അക്ഷയ കേരളം ക്യാമ്പയിൻ വീണ്ടും ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കാമ്പയിന്റെ ഭാഗമായി ക്ഷയരോഗ ബാധിതർ കൂടുതലായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങൾ നിരീക്ഷിക്കുകയും ഇവിടങ്ങളിലെ വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും ക്ഷയരോഗ നിർണയ പരിശോധനകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്യും. ടിബി വൾനറബിലിറ്റി ലിസ്റ്റിൽനിന്ന് ക്ഷയരോഗ സാധ്യതയുണ്ടന്ന് കണ്ടെത്തിയിട്ടുള്ള വ്യക്തികളിൽ ക്ഷയരോഗനിർണയം നടത്തും.
കോവിഡ് വാക്സിനേഷൻ സെന്ററുകളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും എത്തുന്നവർക്കും ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളുള്ളവർക്കും ടിബിയുടേയും കോവിഡിന്റേയും ദ്വിദിശ സ്‌ക്രീനിംഗ് നടത്തും. ശ്വാസകോശത്തിൽ ക്ഷയരോഗം ബാധിച്ച രോഗികളുമായി സമ്പർക്കത്തിൽ കഴിയുന്ന 15 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും, മുതിർന്നവർക്കും ടെസ്റ്റ് ആൻഡ് ട്രീറ്റ് സമീപനത്തിലൂടെയുളള ഘട്ടംഘട്ടമായി ക്ഷയരോഗ പ്രതിരോധചികിത്സ നൽകും.
ആദിവാസി ഊരുകൾ, ജയിലുകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, വൃദ്ധസദനങ്ങൾ കേന്ദ്രീ കരിച്ചും അഗതികൾക്കും, പ്രവാസികൾക്കും, തീരപ്രദേശങ്ങളിലുള്ളവർക്കും, ക്ഷയരോഗ സംരക്ഷണ സംവിധാന ങ്ങളും, തുടർസേവനങ്ങളും നൽകും. ടിബി ആരോഗ്യ സാഥി ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് ആരോഗ്യ പ്രവർത്തകരെയും രോഗികളെയും ചികിത്സാ സഹായകരെയും പൊതുജനങ്ങളെയും പഠിപ്പിക്കുകയും ബോധവൽക്കരിക്കുകയും ചെയ്യും.