ആലപ്പുഴ പ്രസ് ക്ലബ്ബിനുള്ളില്‍ അതിക്രമിച്ചുകയറി ബോര്‍ഡ് നശിപ്പിച്ച കേസില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു

233

ആലപ്പുഴ : ആലപ്പുഴ പ്രസ് ക്ലബ്ബിനുള്ളില്‍ അതിക്രമിച്ചുകയറി ബോര്‍ഡ് നശിപ്പിച്ച കേസില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. അഭിഭാഷകരായ രണ്ടംഗസംഘമാണ് അതിക്രമം കാട്ടിയതെന്നു കണ്ടെത്തിയ ആലപ്പുഴ നോര്‍ത്ത് പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തു. ആലപ്പുഴ മന്നത്ത് വാര്‍ഡില്‍ സംഗീത് വീട്ടില്‍ ജയദേവന്‍ (29 ), പൂന്തോപ്പ് വാര്‍ഡില്‍ മിഥില വീട്ടില്‍ അഭിലാഷ് സോമന്‍ (28 ) എന്നിവരാണു പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാനിയമം 447 ,427 294 (ബി ) വകുപ്പുകള്‍ പ്രകാരം അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ജൂലൈ 22ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സംസ്ഥാനത്തു ചിലയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ പ്രസ് ക്ലബ്ബിന്‍റെയും ബാര്‍ അസോസിയേഷന്‍റെയും നേതൃത്വത്തില്‍ ആലപ്പുഴയില്‍ രാവിലെ പ്രകടനങ്ങള്‍ നടന്നിരുന്നു.ഇതിനുശേഷമാണു രണ്ടംഗസംഘം പ്രസ് ക്ലബ്ബ് കെട്ടിടത്തില്‍ അതിക്രമിച്ചുകയറി അസഭ്യവര്‍ഷം ചൊരിയുകയും ഫ്ളക്സ് ബോര്‍ഡ് കീറി നശിപ്പിക്കുകയും അതില്‍ ബാര്‍ അസോസിയേഷന്‍ വക എന്നു പേപ്പറില്‍ എഴുതി ഒട്ടിക്കുകയും ചെയ്തത്. സംഭവത്തില്‍ ബാര്‍ അസോസിയേഷന് പങ്കില്ലെന്ന് ഭാരവാഹികള്‍ സംഭവസ്ഥലത്തെത്തി വ്യക്തമാക്കിയിരുന്നു. പ്രശ്നം സൃഷ്ടിക്കാന്‍ പ്രതികള്‍ ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നെന്നാണ് സൂചന. കേസില്‍ അനേ്വഷണം പൂര്‍ത്തിയായതായി നോര്‍ത്ത് എസ്.ഐ.ഭുവനചന്ദ്രബാബു പറഞ്ഞു.

NO COMMENTS

LEAVE A REPLY