തിരുവനന്തപുരം: പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മുഴുവന്‍ കോളജുകളിലും ജനുവരി നാലിനു ക്ലാസ് തുടങ്ങും. ഇതു സംബന്ധിച്ച ഉത്തരവ് ഉന്നതവിദ്യാഭ്യാസ വകുപ്പു പുറത്തിറക്കി.കോളജുകളിലെ പ്രിന്‍സിപ്പലും അധ്യാപകരും അനധ്യാപക ജീവനക്കാരും ഈ മാസം 28 മുതല്‍ കോളജില്‍ എത്തണം. എല്ലാ സെമസ്റ്ററുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു.
ബിരുദതലത്തില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ്, നിയമം, മ്യൂസിക്, ഫൈന്‍ ആര്‍ട്സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പോളിടെക്നിക് കോളജുകളിലും ബന്ധപ്പെട്ട സര്‍വകലാശാലകളിലും അഞ്ച്, ആറ് സെമസ്റ്ററുകാര്‍ക്കും ബിരുദാനന്തര ബിരുദ കോഴ്സുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസ് തുടങ്ങുന്നത്. ഓരോ ക്ലാസിലെയും പകുതി വിദ്യാര്‍ഥികളെ വീതമായിരിക്കും ക്ലാസുകളില്‍ പ്രവേശിപ്പിക്കുക. ഇതിനായി കോളജുകള്‍ക്ക് ആവശ്യമെങ്കില്‍ രണ്ടു ഷിഫ്റ്റ് ആയി പ്രവര്‍ത്തിക്കാം. കേരള സാങ്കേതിക സര്‍വകലാശാലയും കുസാറ്റിലെയും ക്ലാസുകള്‍ സമാനമായ രീതിയില്‍ ആരംഭിക്കും.