തിരുവനന്തപുരം : സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ജനങ്ങള്‍ക്കും ഈ സർക്കാരിൻ്റെ കാലവധിയ്ക്കുള്ളിൽ പട്ടയം നല്‍കുക എന്ന നയമാണുള്ളതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. നെയ്യാറ്റിന്‍കര താലൂക്കിലെ കുന്നത്തുകാല്‍, കാട്ടാക്കട താലൂക്കിലെ കീഴാറൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയം നല്‍കുന്നതിലൂടെ പാവപ്പെട്ടവരുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. വരും ദിവസങ്ങളില്‍ പതിനയ്യായിരത്തോളം പേര്‍ക്കുകൂടി പട്ടയം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുന്നത്തുകാല്‍ സ്വദേശികളായ ഏഴു പേര്‍ക്കും കീഴാറൂര്‍ സ്വദേശികളായ 18 പേര്‍ക്കും ചടങ്ങില്‍ മന്ത്രി നേരിട്ടു പട്ടയങ്ങള്‍ വിതരണം ചെയ്തു.
പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കാലതാമസം കൂടാതെ കാര്യക്ഷമമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സാധാരണക്കാരുടെ ചിരകാലാഭിലാഷമാണ് ഇതിലൂടെ യാഥാര്‍ഥ്യമായത്. സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയിലുള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് കുന്നത്തുകാല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചത്. ഇരിപ്പിടം ശുദ്ധജലം,ശുചിമുറി തുടങ്ങിയ സംവിധാനങ്ങളെല്ലാം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലുണ്ട്. ജീവനക്കാര്‍ക്കായി പ്രത്യേകം പ്രത്യേകം ക്യാബിനുകളും ഒരുക്കിയിട്ടുണ്ട്. സി. കെ ഹരീന്ദ്രന്‍ എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ ചെലവിട്ടാണ് 1,600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ കീഴാറൂര്‍ വില്ലേജ് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അതത് വില്ലേജ് ഓഫീസുകളില്‍ നടന്ന ചടങ്ങുകളില്‍ സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.ഡി.എം റ്റി. ജി ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുന്നത്തുകാല്‍ വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. അമ്പിളി, വൈസ് പ്രസിഡന്റ് ജി. കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി. വിനോദ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കീഴാറൂര്‍ വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം വി. എസ് ബിനു, ആര്യന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജകുമാരി, വൈസ് പ്രസിഡന്റ് എ. എസ് .ജീവല്‍ കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.