കാസറഗോഡ് : ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ(ആരോഗ്യം) നേതൃത്വത്തിലുള്ള മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റിന്റെ സേവനം ഇതിനായി പ്രയോജനപ്പെടുത്താം. ഇത് സംബന്ധിച്ച് പരിശോധന സംവിധാനം ഒരുക്കുന്നതിന് ഡി എം ഒ (ആരോഗ്യം)യ്ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
നിലവില്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെങ്കിലും ജാഗ്രത കര്‍ശനമായി തുടരണം. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായായാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിസ്റ്റിവിറ്റി റേറ്റ് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകീകൃത സ്വഭാവത്തോടെ തുടര്‍ന്നാല്‍ മാത്രമേ ജില്ലയിലെ കോവിഡ് നിരക്ക് പൂജ്യത്തിലേക്ക് എത്തിക്കാന്‍ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു.
ദേശസാല്‍കൃത റൂട്ടായ ദേളി- പരവനടുക്കം വഴി തിങ്കള്‍ മുതല്‍ കെഎസ് ആര് ടി സി ബസ് സര്‍വ്വീസ് പുനരാംരംഭിക്കും.യോഗത്തില്‍ കളക്ടര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്പ, സബ്കളക്ടര്‍ ഡി ആര് മേഘശ്രീ, എഡിഎം എന്‍ ദേവീദാസ്, ഡി എം ഒ ഡോ എ വി രാംദാസ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്,മറ്റ് കോറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു