എം. പിമാർ ഒന്നിച്ചുനിന്ന് കേരളത്തിന്റെ പ്രശ്‌നങ്ങൾ കേന്ദ്രശ്രദ്ധയിൽപെടുത്തണം: മുഖ്യമന്ത്രി

114

തിരുവനന്തപുരം : കേരളത്തിന്റെ പ്രശ്‌നങ്ങൾ എം. പിമാർ ഒന്നിച്ചു നിന്ന് കേന്ദ്രശ്രദ്ധയിൽപെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന എം. പിമാരുടെ യോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്ന് എം. പിമാർ യോഗത്തിൽ ഉറപ്പു നൽകി.

റെയിൽവേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കേന്ദ്രശ്രദ്ധയിൽ കൊണ്ടുവരാനാവണം. തലശേരി – മൈസൂർ റെയിൽപാത യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കബനി ഡാമിന്റെ അടിയിലൂടെ ഇതിനായി ടണൽ നിർമിക്കേണ്ടി വരും. ഇതിനുള്ള അനുമതിക്കായി സർക്കാർ ശ്രമം നടത്തുന്നുണ്ട്. കർണാടക സർക്കാരുമായി ഈ വിഷയത്തിൽ ചർച്ച നടത്തിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. വയനാട് ബദൽ പാതയുടെ സാധ്യത പരിഗണനയിലാണ്.

വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കൊങ്കൺ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി 700 കോടി രൂപ വേണ്ടി വരും. ഏറ്റുമാനൂർ – ചിങ്ങവനം റെയിൽവേ പാത വികസനത്തിനുള്ള 3.2 ഹെക്ടർ സ്ഥലത്തിൽ 0.71 ഹെക്ടർ സ്ഥലം മാത്രമാണ് ഇനി ഏറ്റെടുത്ത് നൽകാനുള്ളത്. ഈ വിഷയത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം സംസ്ഥാനത്തെ അഭിനന്ദിച്ച് കത്ത് അയച്ചിട്ടുണ്ട്. ശബരി റെയിൽപാത കേരളത്തിന്റെ സജീവ പരിഗണനയിലുണ്ട്. ചില പദ്ധതികളിൽ പണം ചെലവഴിക്കുന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയം നിർത്തിവച്ചിട്ടുണ്ട്. ഇതിൽ ശബരി റെയിൽപാതയും ഉൾപ്പെട്ടിരിക്കുകയാണ്. സബർബൻ റെയിൽവേ കേരളത്തിന്റെ പരിഗണനയിലുണ്ട്. എന്നാൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.

എച്ച്. എൻ. എൽ, ബി. പി. സി. എൽ തുടങ്ങിയ സ്ഥാനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തോട് കേരളത്തിന് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതികരിക്കുമെന്ന് എം. പിമാർ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം വിഷയത്തിൽ കേന്ദ്രത്തിന്റെ അനിശ്ചിതത്വം തുടരുകയാണ്. സിയാൽ മോഡൽ സംവിധാനം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിച്ചത്. ഇതിൽ എം. പിമാരുടെ ഭാഗത്തു നിന്ന് തുടർ ശ്രമം ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗൾഫ്-കേരള റൂട്ടിൽ പ്രവാസകളിൽ നിന്ന് വിമാനക്കമ്പനികൾ അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നു.

കേരളത്തിന്റെ കാർഷിക മേഖലയെ ദോഷകരമായി ബാധിക്കുന്ന ആർ. സി. ഇ. പി കരാറിനെതിരെ കൂട്ടായ ഇടപെടൽ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിദേശരാജ്യങ്ങളുടെ കോൺസുലേറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ട്. കടലാക്രമണം തടയുന്നതിന് ജിയോട്യൂബുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആലപ്പുഴ ബൈപ്പാസ് പണി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മാഹി, തലശേരി പാതയുടെ 36 ശതമാനം പൂർത്തിയായി. നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജ് പൂർത്തിയാക്കാനുള്ള നടപടിയായിട്ടുണ്ട്. വൈറ്റില, കുണ്ടന്നൂർ ഫ്‌ളൈഓവർ അടുത്ത വർഷം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രൊഫ. സി. രവീന്ദ്രനാഥ്, ടി. പി. രാമകൃഷ്ണൻ, ഡോ. ടി. എം. തോമസ് ഐസക്ക്, എ. സി. മൊയ്തീൻ, ഇ. പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, വി. എസ്. സുനിൽകുമാർ, പി. തിലോത്തമൻ, എം. പിമാരായ കെ. കെ. രാഗേഷ്, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ്, എ. എം. ആരിഫ്, കെ. സോമപ്രസാദ്, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ജോസ് കെ. മാണി, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ. മുരളീധരൻ, അടൂർ പ്രകാശ്, വി. കെ. ശ്രീകണ്ഠൻ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

NO COMMENTS