ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സിന് അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനേയും സീലാംപൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഫ്ലൈ ഓവര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി വാക്സിന് ലഭിക്കണം. സൗജന്യമായി വാക്സിന് രാജ്യത്തിന് മുഴുവന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വ്യക്തിക്കും സൗജന്യ കൊറോണ വൈറസ് വാക്സിന് എന്നതാണ് ബിഹാര്‍ പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ രംഗത്ത് വന്നു. ബിജെപിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന് ലഭിക്കില്ലേ എന്നും നേരത്തെ കേജരിവാള്‍ ചോദിച്ചിരുന്നു.
തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന ബിജെപിയുടേയും സഖ്യകക്ഷികളുടേയും പ്രഖ്യാപനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.