യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്തും പത്രിക സമര്‍പ്പിച്ചു

140

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്തും പത്രിക സമര്‍പ്പിച്ചു. വി.എം.സുധീരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പത്രിക സമര്‍പ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒപ്പമുണ്ടായിരുന്നെങ്കിലും കെ.മുരളീധരന്‍റെ അസാന്നിധ്യം ശ്രദ്ധേയമായി. എന്‍.പീതാംബര ക്കുറുപ്പിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥി യാക്കണമെന്ന മുരളീധരന്‍റെ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടിരുന്നില്ല. പിന്നീട് നിരവധി കൂടിയാലോചന കള്‍ക്ക് ശേഷമാണ് മോഹന്‍കുമാര്‍ സ്ഥാനാര്‍ഥിയായത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം എത്തിയാണ് വി.കെ.പ്രശാന്ത് പത്രിക സമര്‍പ്പിച്ചത്. എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ.വിനോദ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയ് തുടങ്ങിയവരും പത്രിക സമര്‍പ്പിച്ചു.

ഹൈബി ഈഡന്‍ എംപി, വി.ഡി.സതീശന്‍ എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് വിനോദ് പത്രിക സമര്‍പ്പിച്ചത്. കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഡിസിസി പ്രസിഡന്‍റ് ബാബു ജോര്‍ജ്, സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ച റോബിന്‍ പീറ്റര്‍ തുടങ്ങിയ നേതാക്കളും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒപ്പമുണ്ടായിരുന്നു. കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു.ജനീഷ്കുമാറും പത്രിക സമര്‍പ്പിച്ചു.

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം.സി.കമറുദ്ദീനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റേയും എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറും പത്രിക സമര്‍പ്പിച്ചു. അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പത്രിക നല്‍കി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പമെത്തിയായിരുന്നു പത്രിക സമര്‍പ്പണം.

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായി പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികളെല്ലാം ഇന്ന് പത്രിക സമര്‍പ്പിക്കുന്ന തിരക്കില്‍. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷമ പരിശോധന നടക്കുക. വ്യാഴാഴ്ച വരെ പത്രികകള്‍ പിന്‍വലിക്കാന്‍ അവസരമുണ്ട്.

NO COMMENTS