ബംഗളുരു: കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് മടങ്ങി വരുന്ന മുഴുവന്‍ പേരും 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നു കര്‍ണാടക സര്‍ക്കാര്‍. ഏതു സോണില്‍ നിന്നെത്തുന്ന വര്‍ക്കും ഈ നിബന്ധന ബാധകമാണ്. കഴിഞ്ഞ ദിവസം മുതലാണ് നിബന്ധനകൾ കര്‍ശനമാക്കിത്തുടങ്ങിയത്.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസം രോഗം സ്ഥിരീകരിച്ച 154 പേരില്‍ ഭൂരിഭാഗം പേരും മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങി എത്തിയവ രാണ് എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ദ്രുത ഗതിയില്‍ തീരുമാനം നടപ്പിലാക്കിയത്. കേരളത്തില്‍ നിന്നും ബാംഗ്ളൂരിലേക്കും കര്‍ണാടക യുടെ വിവിധ ഭാഗങ്ങളിലേക്കും ലോക്ക് ഡൗണിനു ശേഷം മടങ്ങി വരുന്ന നിരവധി മലയാളികള്‍ ഇതോടെ പ്രതിസന്ധിയിലായി.
കേരളത്തില്‍ സര്‍ക്കാര്‍ ഒരുക്കുന്ന സ്ഥലങ്ങളില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ കര്‍ണാടകയില്‍ ലഭ്യമല്ല. മെച്ചപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കാന്‍ കൂടുതല്‍ പണം നല്‍കണം .സര്‍ക്കാര്‍ സജജീകരിക്കുന്ന കേന്ദ്രത്തിലോ, അല്ലെങ്കില്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കുന്ന ഹോട്ടലുകളില്‍ സ്വന്തം നിലയില്‍ വാടകക്കോ കഴിയാം, സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സൗജന്യമായിരിക്കും.
ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്.ഹോട്ടലുകളില്‍ ദിവസ വാടക നിരക്കും നിശ്ചയിച്ചു.ത്രീസ്റ്റാര്‍ ഹോട്ടല്‍- പ്രതിദിനം 1850 രൂപ (സിംഗിള്‍), 2450 (ഡബിള്‍).ബഡ്ജറ്റ് ഹോട്ടല്‍ -1200. വിവിധ കോളേജ് യൂണിവേഴ്സിറ്റി, പൊതുമേഖലാ ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത് .
കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ് .ഇന്നലെ പുതിയ 42 കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിതീകരിച്ചു .ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 904 ആയി, ഇതുവരെ 31 പേര്‍ മരിച്ചു. ഗ്രീന് സോണുകള് ആയിരുന്ന ഹാസന്,യാദഗിരി ജില്ലകളിലും കോവിഡ് രോഗം സ്ഥിരീകരിച്ചു.ബീദര് (2), കലബുറഗി (1), ബാഗല്‍കോട്ടെ (15), ഹസന് (5),ബെംഗളൂരു നഗര ജില്ല (3),ധാര് വാട് (9),ദക്ഷിണ കന്നഡ (2),യാദഗിരി (2),ബെല്ലാരി (1) മണ്ഡ്യ (1),ചിക്ക ബല്ലാപുര (1) എന്നിങ്ങനെയാണ് പുതിയ കേസുകള്‍.
കേരളത്തില്‍ നിന്ന് എത്തിയവരെ ബംഗളൂരു അതിര്‍ ത്തിയില്‍ തടഞ്ഞു ആരോഗ്യ പരിശോധന നടത്തി വിവിധ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് .