റോം :അനാവശ്യ നിയന്ത്രണങ്ങളും പുരുഷാധിപത്യ പ്രവണതകളും വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച‌് വത്തിക്കാനിലെ വുമണ്‍ ചര്‍ച്ച‌് വേള്‍ഡ‌് മാഗസിനിലെ മുഴുവന്‍ വനിതാമാധ്യമ പ്രവര്‍ത്തകരും രാജിവച്ചു.കന്യാസ്‌ത്രീകള്‍ക്കെതിരായ സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നെഴുതിയതിന‌് പിന്നാലെയാണ‌് അനാവശ്യ നിയന്ത്രണമുണ്ടായതെന്ന‌് മാസികയുടെ സ്ഥാപകയും ചീഫ‌് എഡിറ്ററുമായ ലൂസിറ്റ സ‌്കാറാഫിയ പറഞ്ഞു. ഫ്രാന്‍സിസ‌് മാര്‍പാപ്പയ‌്ക്ക‌് തുറന്ന കത്തെഴുതിയാണ‌് ഇവര്‍ രാജിവച്ചത‌്. വത്തിക്കാനിലെ ദിനപത്രമായ എല്‍ ഒസര്‍വറ്റോറ റോമാനോയുടെ അനുബന്ധ മാസികയാണ‌് വുമണ്‍ ചര്‍ച്ച‌് വേള്‍ഡ‌്. പത്രത്തിന്റെ പുതിയ എഡിറ്ററായി ആന്‍ഡ്രിയ മോണ്ടെ ചുമതലയേറ്റതിന‌് പിന്നാലെ മാസികയുടെ എഡിറ്റോറിയല്‍ സമിതിയില്‍ കൈകടത്താന്‍ ശ്രമിച്ചെന്നും സ‌്ത്രീകളുടെ സ്വാതന്ത്ര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാസിക പുരുഷകരങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുവെന്നും ലൂസിറ്റ കൂട്ടിച്ചേര്‍ത്തു.
രാജിക്കുള്ള കാരണങ്ങള്‍ ബോധിപ്പിച്ച‌് ലൂസിറ്റ എഴുതിയ ലേഖനവും മാസിക പ്രസിദ്ധീകരിച്ചിരുന്നില്ല. തുടര്‍ന്ന‌് ഓണ്‍ലൈന്‍വഴി ലൂസിറ്റ ലേഖനം പുറത്തുവിട്ടു. വിഷയത്തില്‍ മാര്‍പാപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല.