കൊച്ചി: നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നമാണെന്ന് കണ്ണന്താനം പറഞ്ഞു. ഈ അവാര്‍ഡ് ലഭിച്ചതില്‍ വിവാദം സൃഷ്ടിക്കാതെ ആഘോഷിക്കാന്‍ നമ്മള്‍ ശ്രമിക്കണം. സെന്‍കുമാറിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. സെന്‍കുമാര്‍ ബിജെപി അംഗമല്ല. നമ്പി നാരായണന് കിട്ടിയ അംഗീകാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
നമ്പി നാരായണന് പദ്മഭൂഷന്‍ നല്‍കിയത് അമൃതില്‍ വിഷം വീണ പോലെയാണെന്നായിരുന്നു സെന്‍കുമാറിന്‍റെ വിമര്‍ശനം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമീറുല്‍ ഇസ്ലാമിനും ഇക്കൊല്ലം വിട്ടുപോയ മറിയം റഷീദയ്ക്കും പദ്മവിഭൂഷന്‍ കിട്ടുമോ? നമ്പി നാരായണന്‍ ഐഎസ്‌ആര്‍ഒയ്ക്ക് വേണ്ടി എന്താണ് കാര്യമായ ഒരു സംഭാവന നല്‍കിയതെന്നും സെന്‍കുമാര്‍ ചോദിച്ചത്.ചാരക്കേസ് വീണ്ടും അന്വേഷിക്കേണ്ടി വന്നപ്പോഴും അതിന് മുമ്ബും ഇക്കാര്യം ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരടക്കമുള്ളവരോട് താന്‍ ചോദിച്ചതാണ്. ഇതിനുള്ള ഉത്തരം അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തവരും അവാര്‍ഡ് കൊടുത്തവരും പറയണം.
ചാരക്കേസിനെക്കുറിച്ച് സുപ്രീംകോടതി നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്. മനുഷ്യന് ഗുണമുണ്ടാകുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ പലര്‍ക്കും അവാര്‍ഡ് കൊടുക്കുന്നില്ല. പച്ചവെള്ളത്തില്‍ നിന്ന് ഹൈഡ്രജനും ഓക്സിജനും വേര്‍തിരിക്കുന്ന ഒരു കണ്ടുപിടിത്തം നടത്തിയയാള്‍ കോഴിക്കോട്ടുണ്ട്. അങ്ങനെയുള്ള പലര്‍ക്കും അവാര്‍ഡ് കൊടുത്തില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.