ആലുവ അമ്പാട്ടുകാവില്‍ ഇലക്ട്രിക് പോസ്റ്റ് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മെട്രോ നിര്‍മാണത്തിനായി എത്തിച്ച മണ്ണുമാന്തി യന്ത്രം നിയന്ത്രണം വിട്ട് ആദ്യം ടീ ഗാര്ഡന് എക്സ്പ്രസ്സിലും പിന്നീട് വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. അധികൃതരുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആലുവ മുട്ടത്ത് കൊച്ചി മെട്രോയുടെ സ്റ്റേഷന് നിര്‍മാണത്തിനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രമാണ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചത്. പോസ്റ്റ് ട്രാക്കിലേക്ക് വീണതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പിടിച്ചിട്ടു. ഈ സമയം എറണാകുളം കാരൈക്കല്‍ ടീ ഗാര്ഡന് എക്സ്പ്രസ് ഈ വഴി കടന്നു പോകുകയായിരുന്നു. എന്നാല്‍, റെയില്‍വേ അധികൃതരുടെ സമയോചിത ഇടപെല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. പിന്നീട് മെട്രോ തൊഴിലാളികളും റെയില്‍വേ അധികൃതരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പോസ്റ്റ് ട്രാക്കില്‍ നിന്ന് നീക്കി. മൂന്ന് മണിക്കൂറിന് ശേഷം ട്രെയിന്‍ ഗതാഗതവും പുനഃസ്ഥാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.