അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ തിരുവാഭരണം തിരിച്ചുകിട്ടി

309

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ തിരുവാഭരണം തിരിച്ചുകിട്ടി.അമ്പലത്തിനോട് ചേര്‍ന്ന് പ്രതിഷ്ഠിച്ചിട്ടുള്ള ഉപദേവന്മാരുടെ കാണിക്കവഞ്ചികളില്‍ നിന്നാണ് പതക്കം അടങ്ങുന്ന തിരുവാഭരണങ്ങള്‍ ലഭിച്ചത്.കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങള്‍. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പതക്കവും മാലയും വേര്‍പെടുത്തിയ ശേഷം ഗുരുവായൂരപ്പന്റെ നടയിലേയും ഗണപതി നടയിലെയും കാണിക്കയില്‍ നിക്ഷേപിച്ച നിലയിലാണ് . കഴിഞ്ഞ മാസമായിരുന്നു ക്ഷേത്രത്തിലെ തിരുവഭരണം നഷ്ടമായത്. തിരച്ചിലിനിടെ രണ്ട് വട്ടം കാണിക്ക തുറന്നിരുന്നുവെങ്കിലും അപ്പോഴൊന്നും കിട്ടിയിരുന്നില്ല. ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പ്രധാന മാല ലഭിച്ചത്. ഗണപതി ക്ഷേത്ര നടയിലെ ഭണ്ഡാരത്തില്‍ നിന്നാണ് പതക്കം ലഭിച്ചത്.വിഷു ആഘോഷ സമയത്ത് തിരുവാഭരണം പുറത്തെടുത്ത് തിരിച്ച് വെക്കുന്ന സമയത്താണ് തിരുവാഭരണത്തിലെ ഒരു ഭാഗം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. വിഷു ദിനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേല്‍ശാന്തിയെ തിരുവാഭരണങ്ങള്‍ ഏല്‍പ്പിച്ചിരുന്നു. ആഭരണങ്ങള്‍ തിരിച്ചേല്‍പ്പിച്ചപ്പോഴാണ് പതക്കം നഷ് ടപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്.
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ ആറാട്ട്, കളഭം, വിഷുപൂജ തുടങ്ങിയ ദിവസങ്ങളില്‍ മാത്രമാണു തിരുവാഭരണം പുറത്തെടുക്കാറുള്ളത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരുവാഭരണം കണ്ടുകിട്ടിയത്. തിരിച്ചുകിട്ടിയ ആഭരണങ്ങള്‍ നാളെ കോടതിയില്‍ ഹാജരാക്കും.

NO COMMENTS

LEAVE A REPLY