അംബേദ്കര്‍ ഗ്രാമം – പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും

142

മലപ്പുറം : പിന്നോക്കാവസ്ഥയിലുളള പട്ടികജാതി കോളനികളെ സ്വയം പര്യപ്തമാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ 28 കോളനികളിലാണ് പദ്ധതി നടക്കുന്നത്.

2012-13 ല്‍ തുടങ്ങിയ സ്വയം പര്യാപ്ത കോളനി പദ്ധതിയില്‍ അനുവദിച്ച നിര്‍മാണം പൂര്‍ത്തിയാവാത്ത സ്ഥലങ്ങളുണ്ടെന്നും അവയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. ഏഴ് കോളനികളിലാണ് ഇത്തരത്തില്‍ പ്രവൃത്തികള്‍ നടക്കുന്നത്.

ഒരു കോടി രൂപ ചെലവില്‍ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമം. പട്ടികജാതിയില്‍പ്പെട്ട 30 ല്‍ അധികം കുടുംബങ്ങളുള്ള കോളനികളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. കോളനികളില്‍ റോഡ്, ശൗചാലയം, കിണര്‍, ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.സന്ധ്യ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാരായ എ.സുരേഷ് കുമാര്‍, മുനീര്‍ റഹ്മാന്‍, ടി.കെ. അനിത, സി അനില്‍കുമാര്‍, മനോജ് കുമാര്‍, എം. പി എല്‍ദോസ്, അനീഷ്, നിര്‍മിതി കേന്ദ്ര പ്രൊജക്ട് മാനേജര്‍ കെ.ആര്‍ ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS