മീററ്റ് • രണ്ടരവയസ്സുള്ള മകളുടെ മൃതദേഹം മടിയില്‍ കിടത്തി ആ അമ്മ രാത്രി മുഴുവന്‍ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ പുറത്തിരുന്നു കരഞ്ഞുവിളിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കനിഞ്ഞില്ല. യുപിയിലെ ബാഗ്പത് ജില്ലയില്‍ ഗൗരിപുര്‍ ഗ്രാമത്തിലെ ഇമ്രാനയ്ക്കാണു സ്വന്തം മകള്‍ ഗുല്‍നാദിന്റെ മൃതദേഹം മടിയില്‍ കിടത്തി രാത്രി മുഴുവന്‍ നഗരത്തിലെ ആശുപത്രിക്കു പുറത്ത് ഇരിക്കേണ്ടിവന്നത്. വൈറല്‍ പനി പിടിപെട്ട ഗുല്‍നാദ് ബാഗ്പത് ഗവ. പി.എല്‍. ശര്‍മ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രോഗം കൂടിയതോടെ മീററ്റിലെ ലാലാ ലജ്പത്റായ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെ എത്തുംമുന്‍പേ കുട്ടി മരിച്ചു. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ചോദിച്ചപ്പോള്‍ ജില്ലയ്ക്കു പുറത്തേക്കു പോകാന്‍ അനുവാദമില്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി.
അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ നിന്നു സര്‍ക്കാര്‍ ആംബുലന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ ആംബുലന്‍സ് വിളിച്ച് മകളുടെ മൃതദേഹവുമായി അവിടെയെത്തി. കൈവശം ആകെയുണ്ടായിരുന്ന 200 രൂപ ഈ സ്വകാര്യ ആംബുലന്‍സിനു കൊടുക്കേണ്ടിവന്നു. മീററ്റ് ജില്ലാ ആശുപത്രിയിലെത്തി ആംബുലന്‍സ് അന്വേഷിച്ചപ്പോഴും, ജില്ലയ്ക്കു പുറത്തു പോകാന്‍ നിയമമില്ലെന്ന് ആംബുലന്‍സ് ഡ്രൈവറുടെ മറുപടി.
ബാഗ്പത് ജില്ലയിലെ ഗൗരിപുര്‍ ഗ്രാമത്തില്‍ മൃതദേഹം എത്തിക്കണമെങ്കില്‍ 2500 രൂപ വേണമെന്ന് സ്വകാര്യ ആംബുലന്‍സുകാര്‍ ആവശ്യപ്പെട്ടു. പണമൊന്നും കയ്യിലില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിക്കു പുറത്ത് രാത്രി മുഴുവന്‍ മകളുടെ മൃതദേഹം മടിയില്‍ കിടത്തി ഇരുന്നു ആ അമ്മ. പിറ്റേന്ന് ആശുപത്രിയിലെത്തിയ ചിലര്‍ വിവരം ചോദിച്ചറിഞ്ഞ് സ്വകാര്യ ആംബുലന്‍സ് ഏര്‍പ്പാടാക്കി മകളുടെ മൃതദേഹവുമായി ഇമ്രാനയെ നാട്ടിലെത്തിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു മീററ്റ് ജില്ലാ മജിസ്ട്രേട്ട് ജഗത്രാജ് ത്രിപാഠി വ്യക്തമാക്കി.