നോര്‍ത്ത് കാരലൈന • യുഎസ് സംസ്ഥാനമായ നോര്‍ത്ത് കാരലൈനയിലെ ഷാര്‍ലെറ്റില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചുകൊന്നതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നടപടി. പ്രക്ഷോഭത്തെ നേരിടാന്‍ നാഷനല്‍ ഗാര്‍ഡിന്റെ സഹായവും തേടിയതായി ഗവര്‍ണര്‍ പാറ്റ് മക്ക്രോറി അറിയിച്ചു.പൊലീസ് വെടിവയ്പില്‍ കറുത്ത വര്‍ഗക്കാരനായ കീത്ത് സ്കോട്ട് (43) കൊല്ലപ്പെട്ടതോടെയാണു സംഘര്‍ഷത്തിനു തുടക്കമായത്. പ്രതിഷേധക്കാര്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കുംനേരേ അക്രമം നടത്തി. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചെങ്കിലും അവര്‍ പിരിഞ്ഞുപോയില്ല. തുടര്‍ന്നു പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. സംഘര്‍ഷത്തില്‍ നാലു പൊലീസുകാര്‍ക്കും പരുക്കുണ്ട്.
വീട്ടില്‍ അതിക്രമിച്ചു കയറിയ പൊലീസ്, സ്കോട്ടിനെ വെടിവച്ചു കൊല്ലുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ സ്കോട്ടിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നെന്നും ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണു വെടിവച്ചതെന്നുമാണ് പൊലീസ് പറയുന്നത്.