വാഷിങ്ടന്‍• പാക്ക് അധിനിവേശ കശ്മീരില്‍ (പിഒകെ) ഇന്ത്യ നടത്തിയ കമാന്‍ഡോ ആക്രമണം ശ്രദ്ധാപൂര്‍വം അളന്നുതൂക്കിയതാണെന്ന് യുഎസ് വിദഗ്ധര്‍. സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന്റെ കാരണം പാക്കിസ്ഥാനാണെന്നും അവര്‍ വിലയിരുത്തി.ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതാണ്. അത് പാക്കിസ്ഥാനുള്ള സൂചനയും ഇന്ത്യക്കാര്‍ക്ക് ആത്മധൈര്യം പകരലുമായിരുന്നു. ഉറിയിലെ കടന്നാക്രമണത്തിനു മറുപടി പറയാതെ മുന്നോട്ടു പോകാന്‍ നരേന്ദ്രമോദിക്കു കഴിയില്ലായിരുന്നു-യുഎസിലെ പ്രമുഖ രാജ്യാന്തര നിരീക്ഷകരായ കാര്‍ണിജ് എന്‍ഡോവ്മെന്റിലെ ആഷ്ലി ടെലിസ് പറഞ്ഞു. ഭീകര ഇടത്താവളങ്ങളില്‍ പ്രഹരിച്ചത് ശ്രദ്ധാപൂര്‍വം അളന്നുതൂക്കിയ നടപടിയായിരുന്നു.
തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യക്കു നഷ്ടമായിട്ടില്ലെന്ന സൂചനയാണതു നല്‍കിയത്. തുടര്‍ന്നും സംഘര്‍ഷം ഉയര്‍ന്നാല്‍ അതിന്റെ ബാധ്യത പാക്കിസ്ഥാനുമായി. അതേസമയം, അമേരിക്കയ്ക്കു പാക്കിസ്ഥാനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യ സ്വന്തം താല്‍പര്യങ്ങളനുസരിച്ചു മുന്നോട്ടുപോയേക്കുമെന്നും ടെലിസ് ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍ സൈനികമായി തിരിച്ചടിക്കാന്‍ സാധ്യതയില്ലെങ്കിലും ഇന്ത്യക്കെതിരെ പരോഷ യുദ്ധങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.മ്യാന്‍മര്‍ താവളമാക്കിയ നാഗാ തീവ്രവാദികളെ കഴിഞ്ഞ വര്‍ഷം ഇന്ത്യ കടന്നാക്രമിച്ചത് ഇന്ത്യ അതു തുടര്‍ന്നും പ്രയോഗിക്കുമെന്നതിന്റെ സൂചനയായിരുന്നുവെന്നും സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസ് (സിഎസ്‌ഐഎസ്) ചൂണ്ടിക്കാട്ടി. പാക്ക് സൈനിക പിന്തുണയുള്ള ഭീകരസംഘടനകള്‍ ഇന്ത്യയെ തുടര്‍ന്നും ലക്ഷ്യമിട്ടേക്കാം.