വാഷിങ്ടണ്‍• യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന് മുന്നേറ്റം. ഏഴു സംസ്ഥാനങ്ങളില്‍ ഹിലറി വിജയം ഉറപ്പിച്ചു. ഇല്ലിനോയ്, ന്യൂജഴ്സി, മാസച്യുസിറ്റ്സ്, മേരിലാന്‍ഡ്, റോഡ് ഐലന്‍ഡ്, ഡെലവെയര്‍, കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്‌ട് ഓഫ് കൊളംബിയ എന്നിവ ഹിലറി പിടിച്ചു. ഡോണള്‍ഡ് ട്രംപ് ആറു സംസ്ഥാനങ്ങളില്‍ വിജയിച്ചു. വെസ്റ്റ് വെര്‍ജീനിയ, ഓക്ലഹോമ, ടെനിസി, മിസിസിപ്പി, മെന്റക്കി, ഇന്‍ഡ്യാന എന്നിവയാണ് ട്രംപ് ജയിച്ചത്. അതേസമയം, കടുത്ത മല്‍സരം നടക്കുന്ന ഫ്ലോഡിറയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആദ്യം പുറത്തുവന്നപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനായിരുന്നു അനുകൂലം.
എന്നാല്‍ അധികം വൈകാതെ തന്നെ ഫലങ്ങള്‍ മാറിമറിഞ്ഞു. ട്രംപിനെ പിന്നിലാക്കി ഹിലറി മുന്നേറ്റം തുടങ്ങി. ഏഴു സംസ്ഥാനങ്ങളില്‍ ഹിലറി വ്യക്തമായ ലീഡ് നേടി വിജയം ഉറപ്പിച്ചു. 50 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും (വാഷിങ്ടന്‍ ഡിസി) വോട്ടെടുപ്പു പൂര്‍ത്തിയായ ഉടനെതന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു. പോളിങ് ദിവസത്തിനു മുന്‍പേ വോട്ടുചെയ്യാനുള്ള യുഎസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുന്‍കൂര്‍ വോട്ട്. ഇത്തവണത്തെ മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്. 2012ല്‍ ഇതു 3.23 കോടിയായിരുന്നു. യുഎസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന ആകാംഷയിലാണ് അമേരിക്കന്‍ ജനതയോടൊപ്പം ലോകവും. ഉച്ചയോടെ ഫലം പുറത്തുവരും. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക.