വാഷിംഗ്ടണ്‍: ഭീകരവാദത്തില്‍ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്താന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയണം. ഒരു രാജ്യവും മറ്റൊരു രാജ്യത്തിനെതിരെയുള്ള ആക്രമണത്തിന് സ്വന്തം ഭൂപ്രദേശം അനുവദിക്കരുതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഭീകരര്‍ക്കെതിരെ പാകിസ്താന്‍ സൈന്യം നടത്തുന്ന പോരാട്ടത്തെ അമേരിക്ക പിന്തുണയ്ക്കുന്നു. പാക് ജനതയുടേയും സൈന്യത്തിന്‍റെയും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തെ തിരിച്ചറിയുന്നു. എങ്കിലും പാക് മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരെ കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും പ്രസിഡന്‍റ് ബരാക് ഒബാമ ചൂണ്ടിക്കാട്ടിയതായി വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു രാജ്യത്തെ ആക്രമിക്കാന്‍ ഭീകര സംഘടനകള്‍ക്ക് സ്വന്തം മണ്ണ് ഉപയോഗിക്കാന്‍ ഒരു രാജ്യവും അനുവദിക്കരുത്. ഈ വിഷയത്തില്‍ അമേരിക്ക ഇടപെട്ടുകൊണ്ടേയിരിക്കുമെന്നും ഒബാമ വ്യക്തമാക്കി. ‘വീ ദ പീപ്പിള്‍’ ഓണ്‍ലൈണ്‍ പെറ്റീഷനോട് പ്രതികരിക്കുകയായിരുന്നു പ്രസിഡന്‍റ്. 665,769 പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ പെറ്റീഷനാണ് ഇക്കാര്യത്തില്‍ ഒബാമയ്ക്ക് ലഭിച്ചത്. പാകിസ്താനെ ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പെറ്റീഷന്‍. ജനപ്രതിനിധിസഭയിലെ അംഗങ്ങളായ ടെഡ് പോ, ദന റോറബച്ചര്‍ എന്നിവരാണ് പെറ്റീഷന് പിന്നില്‍. അതേസമയം, ബില്ലിനോട് പ്രതികരിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് തയ്യാറായില്ല.