35 റഷ്യന്‍ ഡിപ്ലോമാറ്റുകളെ ചാരന്മാര്‍ എന്നാരോപിച്ച്‌ അമേരിക്ക പുറത്താക്കി

261

ന്യൂയോര്‍ക്ക്: ഹിലാരി ക്ലിന്റണിന് വേണ്ടി പരസ്യ പ്രചരണം വരെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തി. പ്രചരണത്തില്‍ ഉടനീളം ഹിലാപി മുന്നിലുമായിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനത്തില്‍ ജയിച്ചത് ഡൊണാള്‍ഡ് ട്രംപും. ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. റഷ്യയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പ്രസിഡന്റായി ട്രംപ് വിജയിച്ചു കയറിയെങ്കിലും ഒബാമ അധികാരം ഒഴിഞ്ഞിട്ടില്ല. ജനവരിയിലാകും അധികാര കൈമാറ്റം. അതുകൊണ്ട് തന്നെ കസേരയില്‍ നിന്ന് ഇറങ്ങും മുമ്ബ് റഷ്യയ്ക്ക് പണികൊടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സൈബര്‍ ആക്രമണങ്ങളിലൂടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടതിന്റെ പേരില്‍ 35 റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി.

തിരിച്ചടിക്കല്‍ നടപടികളുടെ ഭാഗമായി റഷ്യന്‍ ഇന്റലിജന്‍സ് കൂടിക്കാഴ്ചകള്‍ക്ക് ഉപയോഗിക്കുന്ന ന്യൂയോര്‍ക്കിലേയും മെരിലന്‍ഡിലേയും കെട്ടിടങ്ങള്‍ അടച്ചിടുവാനും തീരുമാനമെടുത്തു. സൈബര്‍ ആക്രമണത്തില്‍ റഷ്യക്കെതിരെ പ്രത്യക്ഷമായും രഹസ്യമായും തിരിച്ചടി നല്‍കുമെന്ന് നേരത്തെ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരുന്നു. വാഷിങ്ടണ്‍ ഡിസി എംബസിയിലേയും സാന്‍ ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റിലേയും 35 റഷ്യന്‍ നയതന്ത്രജ്ഞരെയാണ് പുറത്താക്കിയതെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഇവരോടു കുടുംബത്തോടൊപ്പം 72 മണിക്കൂറിനകം രാജ്യം വിടാനും നിര്‍ദ്ദേശം നല്‍കി.

ജനുവരി 20നു പുതിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുമ്ബെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വെബ്സൈറ്റുകളിലെ റഷ്യന്‍ നുഴഞ്ഞുകയറ്റം സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഒബാമ ഇന്റലിജന്‍സ് ഏജന്‍സികളോടു ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യന്‍ ചാരസംഘടനകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനും അമേരിക്ക നീക്കം തുടങ്ങി. സാമ്ബത്തിക ഉപരോധം ഈ സംഘനടകള്‍ക്ക് പ്രഖ്യാപിച്ചു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും റഷ്യയെ പ്രകോപിപ്പിക്കുകയാണ് ഒബാമ. അടുത്ത മാസം ട്രംപ് അധികാരത്തിലെത്തുമ്ബോള്‍ ആദ്യ വെല്ലുവിളിയായി ഈ നടപടികള്‍ തുടരും. ഈ വിഷയത്തില്‍ കരുതലോടെ പ്രതികരിക്കേണ്ടി വരും. ഒബാമയുടെ തീരുമാനങ്ങള്‍ പിന്‍വലിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ട്രംപിനെ റഷ്യയുടെ ആളായി ഹിലാരി അവതരിപ്പിച്ചിരുന്നു.

അതിനിടെ സൈബര്‍ ഇടപെടലിലൂടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാരോപിച്ചു റഷ്യയ്ക്കെതിരെ ഉപരോധത്തിനു തുനിഞ്ഞാല്‍ തക്ക തിരിച്ചടി നല്‍കുമെന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് യുഎസിനു മുന്നറിയിപ്പു നല്‍കി. തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനു പുടിന്‍ തുറന്ന പിന്തുണ നല്‍കിയിരുന്നു. പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുന്നതു ജനുവരി 20ന് ആണ്. റഷ്യ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതായി കരുതാന്‍ ന്യായമുണ്ടെന്ന് യുഎസ് ചാരസംഘടനയായ സിഐഎ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ‘ഇതേ കൂട്ടരാണ് ഇറാഖില്‍ സദ്ദാം ഹുസൈനു സര്‍വനാശശേഷിയുള്ള ആയുധങ്ങളുണ്ടെന്നു പ്രചരിപ്പിച്ചത്’ സിഐഎ നിഗമനങ്ങളെ പരാമര്‍ശിച്ചു ട്രംപിന്റെ ഓഫിസ് പ്രതികരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അധികാരത്തിലെത്തുന്ന ട്രംപിന്റെ സമീപനങ്ങള്‍ ശ്രദ്ധേ.മാകും.

തിരഞ്ഞെടുപ്പുകാലത്തു ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഇമെയിലുകളും മറ്റു വിവരങ്ങളും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അനുഗ്രഹാശിസുകളോടെ റഷ്യ ഹാക്ക് ചെയ്തെന്നാണ് ആരോപണം. ഇത് ട്രംപിന് വേണ്ടിയാണെന്നാണ് ആക്ഷേപം. ഇതിനെ തള്ളിക്കളഞ്ഞ് ഇപ്പോഴുള്ള പ്രതികരണങ്ങളും മറ്റും ട്രംപ് അസാധുവാക്കുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. എന്നാല്‍ അത് അമേരിക്കയില്‍ ട്രംപിന് തിരിച്ചടിയുണ്ടാക്കും. ഈ സാഹചര്യത്തില്‍ ഒബാമയുടെ തീരുമാനങ്ങളെ ട്രംപ് തിരുത്തിയാല്‍ അത് അമേരിക്കയില്‍ പുതിയ ചര്‍ച്ചകള്‍ക്കിട നല്‍കും.
സമവായത്തിന്റെ നയതന്ത്രമാണ് ഒബാമ പ്രസിഡന്റായിരിക്കെ പുലര്‍ത്തിയത്. റഷ്യയോടെ ഏറ്റുമുട്ടല്‍ ഒഴിവാക്കിയാണ് മുന്നോട്ട് പോയത്. അധികാരത്തില്‍ നിന്നൊഴിയാനാകുമ്ബോള്‍ ഇത് മാറുന്നു. ഇതിന് കാരണം ഹിലാരിയുടെ തോല്‍വി തന്നെയാണെന്നാണ് വിലയിരുത്തല്‍.

NO COMMENTS

LEAVE A REPLY