വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ച ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് (ടിപിപി) വ്യാപാര കരാറില്‍നിന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറി. ഉത്തര അമേരിക്കന്‍ സ്വതന്ത്രവ്യാപാര സഖ്യമായ നാഫ്റ്റയില്‍നിന്നു പിന്‍മാറുമെന്നും ട്രംപ് അറിയിച്ചു. പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ തന്നെ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബറാക് ഒബാമ ഒപ്പുവച്ചതാണ് ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പ് കരാര്‍.
പസഫിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാപാര സഖ്യമാണിത്. യുഎസിനും കാനഡയ്ക്കും പുറമെ ആസിയന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നതാണ് ഈ കരാര്‍. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്ബത്തിക സഹകരണങ്ങളും വ്യാപാര ബന്ധവും മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ളതായിരുന്നു ടിപിപി കരാര്‍. കരാര്‍ മുഖേന യുഎസ് വിപണിയില്‍ വന്‍ മുന്നേറ്റം നടത്താനുദ്ദേശിച്ചിരുന്ന വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് തീരുമാനം തിരിച്ചടിയായത്. അതേസമയം, യുഎസിന്റെ പിന്‍മാറ്റം ഗുണം ചെയ്യുന്നത് ചൈനയ്ക്കാണ്. ടിപിപിക്ക് ബദല്‍ കരാറുമായി ചൈന രംഗത്തെത്തുമെന്നാണ് സൂചനകള്‍. അങ്ങനെ ഈ മേഖലയിലെ വന്‍ സാമ്ബത്തിക ശക്തിയായി ഉയരാനാകുമെന്നാണ് ചൈനയുടെ പ്രതീക്ഷ. സ്വതന്ത്ര വ്യാപാര നയങ്ങളില്‍ ട്രംപിന്റെ നിലപാടുകള്‍ വ്യാപാര മേഖലയില്‍ ചൈനയുടെ പ്രതിച്ഛായ ഉയര്‍ത്തും. ഇതോടെ കൂടുതല്‍ ഉത്തരവാദിത്തമുള്ള ലോകശക്തിയെന്ന നിലയില്‍ ചൈനയെ കാണാന്‍ മറ്റു രാജ്യങ്ങള്‍ നിര്‍ബന്ധിതരാകും.