വാഷിങ്ടണ്‍: ഏഴ് മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഉത്തരവില്‍ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വിദേശത്തു നിന്നുള്ള അഭയാര്‍ഥികളേയും സന്ദര്‍ശകരേയും നിയന്ത്രിക്കുന്നതായിരിക്കും ട്രംപ് ഒപ്പുവെച്ച പുതിയ കുടിയേറ്റ നിയന്ത്രണ ഉത്തരവ്. ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.തീവ്രവാദികളായ മുസ്ലിങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് ഇതേക്കുറിച്ച് പെന്‍റഗണില്‍ ട്രംപ് വിശദീകരിച്ചു. അമേരിക്കയെ അംഗീകരിക്കുകയും ജനങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ നമുക്കാവശ്യമുള്ളൂ. വിദേശികളായ ഭീകരരില്‍ നിന്ന് അമേരിക്കയെ രക്ഷിക്കുന്നതിനാണ് ഈ ഉത്തരവെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഈ രാജ്യങ്ങളിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് കടുത്ത നിയന്ത്രണത്തില്‍ നിന്ന് ഇളവ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഏകദേശം മൂന്ന് മാസത്തേക്ക് അഭയാര്‍ഥികളുടെ കുടിയേറ്റം സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടിവരുമെന്നാണ് സൂചന. ഉത്തരവ് ഉപദ്രവകരവും വിവേചന പൂര്‍ണവുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. നോബേല്‍ സമ്മാന ജേതാവായ മലാലയും ഫേസ്ബുക് സി.ഇ.ഒ സക്കര്‍ബര്‍ഗും ഇപ്പോള്‍ തന്നെ ബില്ലിനെതിരെ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.