അനധികൃത കുടിയേറ്റം; മെക്‌സിക്കോ അമേരിക്ക ബന്ധം വഷളാകുന്നു

225

മെക്സിക്കോ സിറ്റി: അനധികൃതകുടിയേറ്റ നിയമത്തില്‍ അമേരിക്ക പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ മെക്‌സിക്കോ. വേണ്ടിവന്നാല്‍ ഐക്യരാഷ്‌ട്രസംഘടനയെ സമീപിക്കുമെന്നാണ് മെക്‌സിക്കോയുടെ നിലപാട്. അതിര്‍ത്തിമതിലിനുശേഷം രണ്ടു രാജ്യങ്ങളും തമ്മിലെ മറ്റൊരു അഭിപ്രായഭിന്നതക്ക് കാരണമായിരിക്കയാണ് അമേരിക്കന്‍ പ്രസിഡന്റ് പുറപ്പെടുവിച്ച പുതിയമാര്‍ഗനിര്‍ദ്ദേശങ്ങള്‍. എവിടെനിന്നുള്ളവരാണെങ്കിലും അനധികൃത കുടിയേറ്റക്കാരെ മെക്‌സിക്കോയിലേക്ക് നാടുകടത്തുമെന്ന പ്രഖ്യാപനമാണ് മെക്‌സിക്കോയെ ചൊടിപ്പിച്ചിരിക്കുന്നത്. പുതിയ നിര്‍ദ്ദേശമനുസരിച്ച് രണ്ട് വര്‍ഷമായി രാജ്യത്തുണ്ടെനന് തെളിയിക്കാന്‍ തക്ക രേഖകളില്ലാത്തവരെ ഉടനടി പുറത്താക്കാന്‍ ഇമിഗ്രേഷന്‍ വകുപ്പിന് സ്വാതന്ത്ര്യമുണ്ട്. രണ്ടാഴ്ചയില്‍ക്കുറഞ്ഞ കാലയളവായിരുന്നു ഇതുവരെയുള്ള സമയപരിധി. മെക്‌സിക്കോ പ്രതിഷേധം അറിയിച്ചതോടെ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി റെക്‌സ് ടില്ലര്‍സണും ആഭ്യന്തരസുരക്ഷാ മേധാവി ജോണ്‍ കെല്ലിയും മെക്‌സിക്കോയിലെത്തി. പ്രസിഡന്റ് എന്‍റീക് നിയറ്റോയുമായി രണ്ടുപേരും ചര്‍ച്ചനടത്തും. സ്വദേശികളല്ലാത്തവരെയും മെക്‌സിക്കോക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അമേരിക്കക്ക് അധികാരമുണ്ടോ എന്നതും വ്യക്തമല്ല. കൂട്ടനാടുകടത്തലല്ല ഉദ്ദേശിക്കുന്നതെന്നും നിലവിലെ നിയമം നടപ്പാക്കാനുള്ള അധികാരം നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് അമേരിക്കയുടെ നിലപാട്. ബലംപ്രയോഗിച്ച് അമേരിക്ക പുറത്താക്കിയ ഒരു മെക്‌സികക്ന്‍ സ്വദേശി പാലത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തതും വാ‍ര്‍ത്തയായിരുന്നു.മെക്‌സിക്കോക്കാരുള്‍പ്പടെ ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്ക്. ചര്‍ച്ചയില്‍ അനധികൃതകുടിയേറ്റം കൂടാതെ മയക്കുമരുന്ന് കടത്തും വ്യാപാര ധാരണയും ച‍ര്‍ച്ചയായേക്കും.

NO COMMENTS

LEAVE A REPLY