വാഷിങ്ടണ്‍:അമേരിക്ക തങ്ങളുടെ വിദേശസഹായം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ തീരുമാനങ്ങളിലൊന്നാണിത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും രാജ്യാന്തര വികസനത്തിനുള്ള ഏജന്‍സിയുടേയും ബജറ്റ് വിഹിതം മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതായി റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശസഹായം വെട്ടിക്കുറച്ച് അത്രയും പണം അമേരിക്കയില്‍ തന്നെ ചിലവഴിക്കുമെന്ന് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ബജറ്റ് ഡയറക്ടര്‍ മിക് മുള്‍വാനി ഫോക്സ് ന്യൂസിനോട് പറഞ്ഞു. വിദേശ സഹായം വെട്ടിക്കുറച്ച് അമേരിക്കയുടെ സൈനിക വിഹിതം 54 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിക്കും. വിദേശത്ത് ചിലഴിക്കുന്ന തുക കുറയ്ക്കുന്നതിന് അര്‍ഥം നാട്ടില്‍ കൂടുതല്‍ പണം വിനിയോഗിക്കുമെന്നാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷംതോറും 600 ബില്യണ്‍ യു.എസ് ഡോളറാണ് അമേരിക്ക വിദേശസഹായമായി നീക്കിവെക്കാറുള്ളത്. ഇത് മൂന്നിലൊന്നായി കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബജറ്റ് വിഹിതം കുറയ്ക്കുന്നതിനെതിരെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തന്നെ ആശങ്ക അറിയിച്ചുകഴിഞ്ഞു. വിഹിതം കുറയ്ക്കുന്നത് തീവ്രവാദത്തെ ചെറുക്കാനുള്ള പോരാട്ടത്തെ ക്ഷീണിപ്പിക്കുമെന്ന് ചില അംഗങ്ങള്‍ പ്രതികരിച്ചു.