വാഷിംഗ്ടണ്‍: പാക്കിസ്ഥാനെ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തി. അപകടകരമായ വിധത്തില്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്‍റെ പേരില്‍ നിരീക്ഷണ പട്ടികയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്താനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തീരുമാനിച്ചത്. പാക്കിസ്ഥാനു നല്‍കുന്ന സാമ്പത്തിക സഹായം പിന്‍വലിക്കാന്‍ ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചതിനു പിന്നാലെയാണ് നിരീക്ഷണ പട്ടികയിലും ഉള്‍പ്പെടുത്തുന്നത്. പാക്കിസ്ഥാന് ഇനി സഹായം ലഭിക്കണമെങ്കില്‍ ഭീകരവാദത്തെ ചെറുക്കാന്‍ ഇസ്ലാമാബാദ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരം നീരിക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടിക പുനര്‍നിശ്ചയിച്ചതായും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്‍ അറിയിച്ചു. മ്യാന്‍മര്‍, ചൈന, എറിത്രിയ, ഇറാന്‍, ഉത്തരകൊറിയ, സുഡാന്‍, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം പട്ടികയിലുള്ളത്.