വാഷിംഗ്ടണ്‍: പാകിസ്താന്‍ പുതിയ ആണവായുധങ്ങളും മദ്ധ്യദൂര ക്രൂസ് മിസൈലുകളടക്കം വികസിപ്പിക്കുകയാണെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഉത്തര കൊറിയയുടെ ആണവായുധങ്ങള്‍ അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്നും യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്ട്സ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ വ്യക്തമാക്കി. പുതിയ തരം ആണവായുധങ്ങളെ കൂടാതെ ഹ്രസ്വ ശ്രേണിയില്‍പ്പെട്ട തന്ത്രപരമായ ഉപകരണങ്ങള്‍, കടലില്‍ നിന്നും ആകാശത്ത് നിന്നും വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകള്‍, ദീര്‍ഘദൂര ബാലസ്റ്റിക് മിസൈലുകളും പാകിസ്താന്‍ നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്. സുരക്ഷയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ അമേരിക്ക അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഉത്തരകൊറിയയുടെ ആണവായുധ ഭീഷണിയായിരിക്കുമെന്നും ഡാന്‍ കോട്സ് മുന്നറിയിപ്പ് നല്‍കി.
അമേരിക്ക പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പാകിസ്താന്‍ ഭീകരരുമായുള്ള ബന്ധം തുടരുകയാണ്. ലഷ്കറെ തയ്ബ അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് പാകിസ്താന്‍ ഇപ്പോഴും സുരക്ഷിത താവളമൊരുക്കുന്നുണ്ട്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് ഈ ഭീകരരുടെ ലക്ഷ്യങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനിലേക്കും സിറിയയിലേക്കും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ കയറ്റുമുതി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2007ല്‍ സിറിയയില്‍ ആണവ റിയാക്ടര്‍ നിര്‍മിക്കുന്നതിന് ഉത്തര കൊറിയ സഹായം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും കൊറിയ പരീക്ഷിച്ചിട്ടുണ്ടെന്നും കോട്ട്സ് വിശദീകരിച്ചു. അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ദീര്‍ഘദൂര മിസൈല്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തര കൊറിയയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.