വാഷിംഗ്ടണ്‍: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. മെക്സിക്കന്‍ മതില് നിര്‍മാണത്തിന് പണം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയത്തെത്തുടര്‍ന്നാണ് ട്രംപിന്റെ കടുത്ത നടപടി.
ഉത്തരവ് പുറപ്പെടുവിച്ചത് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു.മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയുമെന്ന വാശിയിലാണ് ട്രംപ്. അതേസമയം, ഭരണസ്തംഭനം ആവര്‍ത്തിക്കാതിരിക്കാന്‍ അതിര്‍ത്തി സുരക്ഷാ ബില്ലില്‍ ട്രംപ് ഒപ്പുവെക്കുമെന്നും വിവരങ്ങള്‍ ഉണ്ടായിരുന്നു. മതില് നിര്‍മാണത്തിന് പ്രതിരോധ സേനകളുടെ ഫണ്ട് കൂടി ഉപയോഗിക്കുമെന്ന് നേരത്തെ വൈറ്റ്ഹൗസിന്റെ പ്രസ്താവനയിലൂടെ ട്രംപ് വ്യക്തമാക്കിയിരുന്നു.
മതിലിനായി തുക അനുവദിക്കാന്‍ ഡെമോക്രാറ്റുകള്‍ തയാറാകുന്നില്ല. അതിനാല്‍ ഡെമോക്രാറ്റുകളെ നിയമത്തിന്റെ സഹായത്തോടെ നേരിടാനാണ് ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ ട്രംപിന് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ പണം നീക്കി വയ്ക്കാന്‍ വഴിയൊരുങ്ങി.അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ അത് ട്രംപിന്റെ അധികാര ദുര്‍വിനിയോഗമാണെന്നും നിയമവിരുദ്ധമായ പ്രവൃത്തിയാണെന്നും നേരത്തെ തന്നെ ഡെമോക്രാറ്റിക് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.