പൗരത്വനിയമഭേദഗതി പ്രതിഷേധം തണുപ്പിക്കാനായി അമിത് ഷാ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കുന്നു .

131

ന്യൂഡൽഹി : പൗരത്വനിയമത്തിനു പിന്നാലെ പൗരത്വപ്പട്ടികയും നടപ്പാക്കുമെന്ന ഉറച്ച തീരുമാനമാണ് ബി.ജെ.പി. ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രി യുമായ അമിത് ഷാ കഴിഞ്ഞ ഒരുമാസമായി വിവിധ പൊതുവേദികളില്‍ ആവര്‍ത്തിച്ചിരുന്നത്. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കാ ര്യം പ്രചാരണ വിഷയമായതാണ്. പൗരത്വ നിയമത്തെ നേട്ടമായി ചിത്രീ കരിച്ചുള്ള പ്രചാരണം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യു മെന്നായിരുന്നു കണക്കുകൂട്ടല്‍.

പൗരത്വനിയമഭേദഗതിക്കും പൗരത്വപ്പട്ടികയ്ക്കും നേരെ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാനായി തന്ത്രങ്ങള്‍ മാറ്റി പരീക്ഷിച്ച്‌ ബി.ജെ.പി. പൗരത്വപ്പട്ടിക ഉടന്‍ നടപ്പാക്കുമെന്ന അമിത് ഷായുടെ കടുത്ത നിലപാട് തത്‌കാലം മാറ്റി വെച്ച്‌, പൗരത്വപ്പട്ടികയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിട്ടു പോലുമില്ലെന്ന സമീപനം പ്രധാനമന്ത്രി അവതരിപ്പിച്ചത് ഈ നീക്കത്തിന്റെ ഭാഗമായാണ്.

സര്‍ക്കാരിന്റെ നിലപാടിനെതിരേ എന്‍.ഡി.എ.യ്ക്കുള്ളില്‍ ഉയരുന്ന എതിര്‍പ്പും വരാനിരിക്കുന്ന ഡല്‍ഹി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുമൊക്കെ ഇതിനു കാരണങ്ങളാണ്.എന്നാല്‍, പൗരത്വനിയമത്തിനെതിരെയും പട്ടികയ്ക്കെതിരെയും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍ പാളി. കടുത്ത നിലപാട് മാറ്റിവെക്കേണ്ടത് താത്‌കാലികമായെങ്കിലും ആവശ്യമാണെന്ന തിരിച്ചറിവി ലേക്ക്‌ നേതൃത്വമെത്തി.

അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കേണ്ട ബിഹാറിലും ഡല്‍ഹിയിലും പൗരത്വനിയമത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. മുസ്‍ലിംവോട്ടുകള്‍ നിര്‍ണായകമായ ബിഹാറില്‍ ജെ.ഡി.യു. ഇതോടെ പ്രതിസന്ധിയിലായി. ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ച ജെ.ഡി.യു.വിനെ തുറന്നുകാട്ടാന്‍ ആര്‍.ജെ.ഡി. ഈ അവസരം ഉപയോഗിച്ചു. പാര്‍ട്ടിക്കുള്ളില്‍ ചില മുതിര്‍ന്നനേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയതോടെ നിതീഷ് പൗരത്വപ്പട്ടികയെ തള്ളിപ്പറഞ്ഞു.

പൗരത്വനിയമം പ്രചാരണവിഷയമാക്കിയത് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ ഗുണമുണ്ടാക്കിയില്ലെന്ന് ബി.ജെ.പി. നേതൃത്വം ഇതിനിടയില്‍ തിരിച്ചറിഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിന് തൊട്ടു തലേദിവസമാണ് പ്രധാനമന്ത്രി പൗരത്വപ്പട്ടിക സംബന്ധിച്ച്‌ പുതിയ നിലപാട് അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. പൗരത്വനിയമവും പട്ടികയും രണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച്‌ തന്റെ സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

NO COMMENTS