ന്യൂഡല്‍ഹി: ബിജെപി കേരളഘടകത്തിന്റെ മേൽനോട്ടം ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ നേരിട്ട് വഹിക്കും. സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജനറൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരവും പ്രവർത്തന സ്വാതന്ത്രവും നൽകും. ദില്ലിയിൽ ചേർന്ന മുതിർന്ന തേക്കളുടെ ശിൽപശാലയിലാണ് തീരുമാനം. കേരളത്തിൽ ബിജെപി കോർ കമ്മിറ്റിയുമായി കൂടി ആലോചിക്കാതെ കുമ്മനം രാജശേഖരൻ ഏകപക്ഷീയമായി കാര്യങ്ങൾ തിരുമാനിക്കുന്നുവെന്ന വിമർശനത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.
ദില്ലിയിൽ ചേർന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രധാനനേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ശിൽപ്പശാലയിലാണ് കേരളം അടക്കം സംഘടനാ പ്രശ്നങ്ങൾ നേരിടുന്ന സംസ്ഥാന ഘടകകങ്ങളുടെ മേൽ അമിത് ഷായുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ബിജെപി ദുർബലമായ സംസ്ഥാനങ്ങളിലെ നേതാക്കളുമായി അമിത് ഷാ പ്രത്യേകം ചർച്ച നടത്തിയിരുന്നു. കോർ കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് ആക്ഷേപം ഉയർന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പ്രവർത്തനങ്ങൾ സംബന്ധിച്ച് അമിത് ഷാ പുതിയ മാർഗ നിർദേശങ്ങൾ നൽകി.
കേരള ഘടകത്തിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം അമിത് ഷാ നേരിട്ട് വഹിക്കും. കെ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ,എം ടി രമേശ് , എന്നീ ജനറൽ സെക്രട്ടറിമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സംഘടനാ പ്രശ്നങ്ങളും ഇവർക്ക് നേരിട്ട് ദേശീയ അദ്ധ്യക്ഷനുമായി ചർച്ച ചെയ്യാൻ അവസരമുണ്ടാകും.
സംസ്ഥാനത്ത് അടുത്തിടെ നടന്ന അഴിച്ചു പണിയിലടക്കം കുമ്മനം രാജശേഖരൻ മറ്റു മുതിർന്ന സംസ്ഥാന നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. മുതിർന്ന ആർഎസ്എസ് പ്രവർത്തകരെ മാത്രം വിശ്വാസത്തിലെടുത്ത് കൊണ്ടാണ് കുമ്മനത്തിന്റെ പ്രവർത്തനമെന്നായിരുന്നു വിമർശനം. 2019 ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 20 മണ്ഡലങ്ങളിൽ 20 മുതിർന്ന നേതാക്കൾക്ക് മുഴുവൻ സമയ ചുമതല നൽകും. കോഴിക്കോട് നടക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങകൾക്ക് അനൗപചാരികമാ.യി തുടക്കമിടാനും അമിത് ഷാ നിർദേശം നൽകി.