അമിത് ഷാ തിരുത്തി, മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു

227

ദില്ലി: ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷാ മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ചൊവ്വാഴ്ച വാമന ജയന്തി ആശംസകള്‍ നേര്‍ന്ന അമിത് ഷായ്ക്ക് സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ഹിന്ദു ഐക്യവേദിയുടെയും ആര്‍ എസ് എസിന്റെയും ചുവട് പിടിച്ചാണ് അമിത് ഷാ ഓണത്തെ വാമന ജയന്തിയായി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തത് എന്നായിരുന്നു ആരോപണങ്ങള്‍.
ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നേരത്തെ പറഞ്ഞത് മഹാബലി അല്ല വാമനനാണ് ഓണം കഥയിലെ നായകന്‍ എന്നാണ്. വാമന ജയന്തിയാണ് ഓണമായി ആഘോഷിക്കേണ്ടത് എന്നായിരുന്നു ശശികലയുടെ വാക്കുകള്‍.
ആര്‍ എസ് എസ് മുഖപത്രമായ കേസരിയിലും വൈകാതെ വാമന ജയന്തിയെ ഉദ്ഘോഷിച്ച്‌ കൊണ്ട് ലേഖനം പ്രത്യക്ഷപ്പെട്ടു. മഹാബലിയെ സ്വര്‍ഗത്തേക്കാള്‍ മഹത്തരമായ സുതലത്തിലേക്കാണ് വാമനന്‍ അയച്ചത് എന്നായിരുന്നു കേസരി പറഞ്ഞത്.ഇതിന് പിന്നാലെയാണ് അമിത് ഷാ ഫേസ്ബുക്ക് പേജിലൂടെ വാമന ജയന്തി ആശംസകള്‍ നേര്‍ന്നത്. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. എല്ലാവര്‍ക്കും വാമന ജയന്തി ആശംസകള്‍ – ഇതായിരുന്നു അമിത് ഷായുടെ സന്ദേശം. കനത്ത പ്രതിഷേധമാണ് ഈ പോസ്റ്റിന് കീഴില്‍ മലയാലികള്‍ രേഖപ്പെടുത്തിയത്. വാമനജയന്തിയാക്കി ഓണത്തെ ഹൈജാക്ക് ചെയ്യാനുള്ള സംഘപരിവാറിന്റെ ശ്രമമാണിതെന്ന് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍ – ഇതാണ് അമിത് ഷായുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ്. നല്ല മലയാളത്തില്‍ തയ്യാറാക്കിയ പോസ്റ്ററിനൊപ്പം ഇംഗ്ലീഷിലുള്ള ആശംസ വേറെ. മൂന്ന് മണിക്കൂറുകള്‍ കൊണ്ട് പത്തായിരത്തോളം പേര്‍ അമിത് ഷായുടെ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ആശംസകള്‍ അറിയിച്ചും അമിത് ഷായെക്കൊണ്ട് തിരുത്തിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുമാണ് പോസ്്റ്റിന് കീഴില്‍ കമന്റുകള്‍.

NO COMMENTS

LEAVE A REPLY