സുപ്രീംകോടതി വിധി ഒരു സമുദായത്തിന്റെ കാര്യത്തില്‍ മാത്രം ബാധകമാക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

208

പാലക്കാട്: സുപ്രീംകോടതി വിധി ഒരു സമുദായത്തിന്റെ കാര്യത്തില്‍ മാത്രം ബാധകമാക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എല്ലാ സുപ്രീംകോടതി വിധികളും നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം .ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടപട്ടികയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ട പേജ് പ്രമുഖ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിരീശ്വരവാദികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് നീതി നിഷേധിക്കുകയാണ്. ശബരിമല വിഷയത്തില്‍ രണ്ടായിരത്തോളം പേരെ ജയിലില്‍ അടച്ചു. മുപ്പതിനായിരത്തോളം പേരെ കള്ളക്കേസില്‍ കുടുക്കി. ക്ഷേത്ര വിശ്വാസവും സംസ്‌കാരവും തകര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം. അല്ലെങ്കില്‍ ബംഗാളിലെയും ത്രിപുരയിലെയും പോലെ സി.പി.എമ്മിനെ വേരോടെ പിഴുതെറിയും. അതിനായി എന്‍.എസ്.എസും ബി.ഡി.ജെ.എസും ബി.ജെ.പിക്കൊപ്പം തോളോടു തോള്‍ ചേരണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യം ഭാരതത്തിന് നല്ലതല്ല. ശക്തനായ നേതാവോ വ്യക്തമായ ആദര്‍ശമോ ഇല്ലാത്ത മഹാസഖ്യം കേവലം അധികാരത്തിനായി രൂപംകൊണ്ട അഴിമതിക്കാരുടെ കൂട്ടുകെട്ടാണ്. പത്തുവര്‍ഷം രാജ്യം ഭരിച്ച യു.പി.എ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്. യു.പി.എ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയതിന്റെ നാലിരട്ടി തുക അഞ്ചുവര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ അനുവദിച്ചതായി കണക്കുകള്‍ നിരത്തി അമിത് ഷാ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള അധ്യക്ഷനായി.

NO COMMENTS