ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെതിരെ തിരിച്ചടിച്ച സംഭവത്തില്‍ പ്രതികരണവുമായി അമിത് ഷാ.

182

ദില്ലി: ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെതിരെ തിരിച്ചടിച്ച സംഭവത്തില്‍ രാജ്യം സുരക്ഷിതമെന്ന് തെളിയിക്കുന്ന തിരിച്ചടിയാണിതെന്ന് അമിത് ഷാ പറഞ്ഞു.നമ്മുടെ സൈന്യത്തിന്‍റെ ധീരതയെയും സാമര്‍ത്ഥ്യത്തെയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നമ്മുടെ പുതിയ ഇന്ത്യ ഭീകരവാദത്തെ വച്ച്‌ പൊറുപ്പിക്കില്ലെന്നും അമിത് ഷാ പറ‌ഞ്ഞു.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച്‌ തകര്‍ത്തതായി ഇന്ത്യ വ്യക്തമാക്കി.ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ ഭാര്യാ സഹോദരനും ജയ്ഷെ കമാന്‍ഡറുമായ യൂസുഫ് അസര്‍ അഥവാ ഉസ്താദ് ഖോറി എന്നിവരുള്‍പ്പടെ നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കി. ഇത് പാകിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. അതിര്‍ത്തിയില്‍ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്.

ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്‍റലിജന്‍സ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇതിനായി ഫിദായീന്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഈ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ നിന്ന് തന്നെയുള്ള വിവരങ്ങള്‍ വച്ച്‌ ജയ്ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച്‌ തകര്‍ക്കുകയായിരുന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം.

NO COMMENTS