ന്യൂഡല്‍ഹി: സൈന്യം നടത്തിയ മിന്നലാക്രമണത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ചില പാര്‍ട്ടികള്‍ ഇന്ത്യ നടത്തിയ സൈനിക നീക്കത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സൈന്യത്തിന്റെ വിജയത്തെ നിന്ദിക്കുകയാണ് അവര്‍ ചെയ്യുന്നത്. വിഷയത്തെ രാഷ്ട്രീയവത്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.സൈന്യത്തെ മാത്രമല്ല ഇക്കൂട്ടര്‍ അപമാനിക്കുന്നത്, അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ജവാന്‍മാരെ കൂടിയാണ്. സൈന്യത്തിന്റെ ഉദ്ദേശ്യശുദ്ധിയെയും പ്രവര്‍ത്തനത്തെയും സംശയിക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. അപലപിക്കേണ്ടതാണ് ഇത്. മിന്നലാക്രമണത്തിന്റെ തെളിവ് ആവശ്യമുള്ളവര്‍ പാകിസ്താനിലേയ്ക്ക് ചെന്ന് അവിടെ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കട്ടെ. അവര്‍ക്ക് പലതും അറിയാനാകും.തുടക്കം മുതല്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കാതിരിക്കാനാണ് ബിജെപി ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് മിന്നലാക്രമണം സംബന്ധിച്ച് സൈനിക മേധാവി പത്രസമ്മേളനം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അരവിന്ദ് കെജ്രിവാള്‍ തെളിവ് ഹാജരാക്കാണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവന നടത്തിയ ഉടന്‍തന്നെ പാകിസ്താനില്‍ അത് ആഘോഷിക്കപ്പെട്ടു. വൈകാതെ തന്നെ രാഹുല്‍ ഗാന്ധി ദല്ലാള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രസ്താവന നടത്തി. അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ് രാജ്യത്തെ കാക്കുന്ന ഇന്ത്യന്‍ സൈന്യത്തെ വിശേഷിപ്പിക്കാന്‍ അനുയോജ്യമായ പദമാണ് അതെന്ന് രാഹുല്‍ ഗാന്ധി കരുതുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.അതിര്‍ത്തിയിലെ നേട്ടം തീര്‍ച്ചയായും സൈന്യത്തിന്റേതു തന്നെയാണ്. എന്നാല്‍ അതിനു പിന്നിലെ നിശ്ചയദാര്‍ഢ്യവും രാഷ്ട്രീയ ലക്ഷ്യവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതു തന്നെയാണെന്നും അമിത് ഷാ പറഞ്ഞു.