ന്യൂഡല്‍ഹി • കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് ഭയക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ നീക്കമെന്ന ആരോപണത്തെയും അദ്ദേഹം തള്ളി. തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടല്ല കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇത് ജനാധിപത്യമാണ്. ഈ വര്‍ഷം യാതൊരു തിരഞ്ഞെടുപ്പുമില്ല. എല്ലാം അടുത്ത വര്‍ഷമാണെന്നും ഷാ പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബിജെപി അധ്യക്ഷന്‍ മറുപടി നല്‍കി. കള്ളപ്പണം സൂക്ഷിക്കുന്നവരെയും തീവ്രവാദികളെയും മയക്കുമരുന്നു ഇടപാടുകാരെയും ഈ നീക്കം വെറിളി പിടിപ്പിക്കുന്നത് മനസിലാക്കാം.
എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ ചൊല്ലി ഭയപ്പെടുന്നത് വലിയ ആശ്ചര്യമാണ് ഉണ്ടാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
‘രാഹുല്‍ ഗാന്ധി, മുലായം സിങ്, മായാവതി, അരവിന്ദ് കേജ്‍രിവാള്‍ എന്നിവരോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്: ഈ നീക്കം കൊണ്ട് എന്താണ് നിങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നം. ഇത് രാഷ്ട്രീയത്തെ വൃത്തിയാക്കാനും സഹായിക്കും’-ഷാ പറഞ്ഞു. നിങ്ങള്‍ കള്ളപ്പണതിന് എതിരാണോ അതോ അവര്‍ക്കൊപ്പമോ? എന്തിനാണ് സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുന്നതെന്ന് എസ്പിയും ബിഎസ്പിയും എഎപിയും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്‍റെ നടപടിയെ രാജ്യത്തെ ജനം പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏതാനും ദിവസത്തേക്ക് മാത്രമേ പ്രശ്നങ്ങള്‍ ഉണ്ടാകൂ. എല്ലാവരും ഒരുമിച്ചു നിന്ന് കാര്യങ്ങള്‍ സുഗമമാക്കണം. നികുതി നല്‍കുന്നവര്‍ക്ക് സര്‍ക്കാറിന്‍റെ പുതിയ നീക്കം കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. നികുതി നല്‍കാതെ കയ്യില്‍ സൂക്ഷിച്ചിട്ടുള്ള പണം കാരണം ബുദ്ധിമുട്ട് നേരിടുന്നവരുടെ കൂടെ രാഷ്ട്രീയക്കാര്‍ ചേരരുതെന്നും അമിത് ഷാ ആവശ്യപ്പെട്ടു.